മനുഷ്യന് മൃഗങ്ങളോടുള്ള അസഹിഷ്ണുത കൂടി; 100ല്‍ ഒരാള്‍ ഒരു നായയെ ദത്തെടുത്താല്‍ തെരുവില്‍ നായ്ക്കളുണ്ടാകില്ല: മേനക ഗാന്ധി
national news
മനുഷ്യന് മൃഗങ്ങളോടുള്ള അസഹിഷ്ണുത കൂടി; 100ല്‍ ഒരാള്‍ ഒരു നായയെ ദത്തെടുത്താല്‍ തെരുവില്‍ നായ്ക്കളുണ്ടാകില്ല: മേനക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th March 2023, 4:25 pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ നൂറില്‍ ഒരാള്‍ ഒരു നായയെ ദത്തെടുക്കുകയാണെങ്കില്‍ റോഡുകളില്‍ തെരുവ് നായ്ക്കളുണ്ടാകില്ലെന്ന് ബി.ജെ.പി എം.പി മേനക ഗാന്ധി. ഒരു കുടുംബം തെരുവുനായയെ ദത്തെടുത്ത് പരിചരിക്കാന്‍ തയ്യാറായാല്‍ അത് സമൂഹത്തിന് സേവനമായിരിക്കുമെന്നും മേനക ഗാന്ധി പറഞ്ഞു. ദി ഹിന്ദു ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തിലായിരുന്നു അവരുടെ പ്രതികരണം.

മനുഷ്യന്‍ എങ്ങനെയാണ് നായ്ക്കളോട് പെരുമാറുക അങ്ങനെയാണ് അവര്‍ തിരിച്ചും മനുഷ്യനെ ട്രീറ്റ് ചെയ്യുകയെന്നും മേനക ഗാന്ധി പറഞ്ഞു. നാടന്‍ നായ്ക്കള്‍ മികച്ച പ്രതിരോധ ശേഷിയുള്ളവരാണെന്നും അതിനാല്‍ തന്നെ ഇവരെ വളര്‍ത്തുമൃഗങ്ങളാക്കാന്‍ എളുപ്പമാണെന്നും മേനക ഗാന്ധി പറഞ്ഞു.

‘ഏകദേശം 25,000 വര്‍ഷങ്ങളായി നമ്മള്‍ നായ്ക്കളുമായി സഹവസിക്കുന്നു. നായ്ക്കള്‍ നമ്മെ സംരക്ഷിക്കുകയും വൈകാരിക പിന്തുണ നല്‍കുകയും ചെയ്യുന്ന ജീവികളാണ്.
അവര്‍ വിശ്വസ്തരും സൗഹൃദപരമായി ഇടപെടുന്നവരും ബുദ്ധിയുള്ളവരുമാണ്. എന്നാല്‍ തെരുവുനായ പ്രശ്‌നം ഈ മനോഹരമായ ബന്ധത്തെ ശിഥിലമാക്കുന്നുണ്ട്,’ മേനക ഗാന്ധി പറഞ്ഞു.

നായ്ക്കളോട് മാത്രമല്ല, പൂച്ചകളോടും പശുക്കളോടും പക്ഷികളോടും മറ്റ് ജീവജാലങ്ങളോടും മനുഷ്യന് അസഹിഷ്ണത കൂടി വരികയാണെന്നും മേനക ഗാന്ധി പറഞ്ഞു.

‘ഒരു വ്യക്തി മൃഗങ്ങളോട് മോശമായി പെരുമാറുമ്പോള്‍, അവന്‍ ചുറ്റുമുള്ള മനുഷ്യരോടും മോശമായാണ് പെരുമാറുക.

സുഹൃത്തുക്കള്‍, കുടുംബം, അയല്‍ക്കാര്‍, സഹപ്രവര്‍ത്തകര്‍, സഹയാത്രികര്‍, അപരിചിതര്‍ അങ്ങനെ എല്ലാവരോടും അവര്‍ അസഹിഷ്ണുത കാണിക്കും,’ മേനക ഗാന്ധി പറഞ്ഞു.