ഗുവാഗത്തി: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും മാലിന്യം എന്ന് വിളിച്ച് അധിഷേപിച്ച ബി.ജെ.പി എം.പി കാമാഖ്യ പ്രസാദ് താസക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
കഴിഞ്ഞ ദിവസം അസമിലെ ജോര്‍ഹട്ടില്‍ വെച്ച് മുഖ്യമന്ത്രി ശര്‍ബാനന്ദ സോനോവാള്‍ കേള്‍ക്കെയായിരുന്നു കാമാഖ്യയുടെ വിവാദപരാമര്‍ശം. നെഹ്‌റു, ഗാന്ധി എന്നീ മാലിന്യങ്ങളെ ജനമനസുകളിലേക്ക് കോണ്‍ഗ്രസ് കുത്തി നിറച്ചു. അത് കൊണ്ട് തന്നെ പുതിയ ഒരു ആശയത്തിന് ജനങ്ങളുടെ മനസ്സില്‍ ഇടമില്ലെന്നായിരുന്നു കാമാഖ്യയുടെ വിവാദ പരാമര്‍ശം.
തുടര്‍ന്ന് എം.പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ നടക്കുകയും കോലം കത്തിക്കുക്കുകയും ചെയ്തു.
മഹാത്മാ ഗാന്ധിക്കും നെഹ്രുവിനെതിരെയും അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ എം.പിക്കെതിരെ ക്രമിനല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് എ.പി.സി.സി സെക്രട്ടറി ഇംഡാദ് ഹുസൈന്‍, എ.പി.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ ശര്‍മ തുടങ്ങിയവര്‍ ഭംഗഗഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
“രാഷ്ട്ര പിതാവിനെതിരെ ഒരു എം.പി. ഇത്തരമൊരു പ്രസ്താവന നടത്തിയപ്പോള്‍ മുഖ്യമന്ത്രി സോണവാള്‍ നിശ്ശബ്ദത പാലിച്ചു എന്നതാണ് അതിശയകരമായ കാര്യമാണെന്ന് ,” എ.പി.സി.സി സെക്രട്ടറി ഇംഡാദ് ഹുസൈന്‍ പറഞ്ഞു.
ഞായറാഴ്ച മുതല്‍ ബിജെപി എം.പിക്കെതിരെ കോണ്‍ഗ്രസ് വ്യാപക പ്രതിഷേധം സംഘടിപ്പിക്കുകയാണ്. കാമാഖ്യ ലോക്‌സഭയില്‍ നിന്ന് രാജിവയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
അതേ സമയം തിങ്കളാഴ്ച ബി.ജെ.പി. എം.പി.യുടെ കോലം കത്തിക്കുന്നതിനിടെ മോഹന്‍നഗര്‍ മണ്ഡലത്തില്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്.