ലഖ്നൗ: രാജ്യത്തെ നടക്കിയ കഠ്‌വ, ഉന്നാവോ സംഭവങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനി. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ നേരത്തെയും നടന്നിരുന്നെന്നും ഇപ്പോള്‍ മുമ്പില്ലാത്ത വിധം പബ്ലിസിറ്റി ഇത്തരം വാര്‍ത്തകള്‍ക്ക് ലഭിക്കുന്നെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താ എജന്‍സിയായ എ.എന്‍.ഐക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു എം.പിയുടെ പരാമര്‍ശം. അതിക്രമങ്ങള്‍ക്ക് ഇപ്പോള്‍ വലിയ പ്രചരണമാണ് കിട്ടുന്നത്. മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നു, പക്ഷെ ആരും അറിഞ്ഞില്ലെന്ന് മാത്രം, ഇത്തരം കേസുകള്‍ക്ക് ലഭിക്കുന്ന പബ്ലിസിറ്റിയാണ് അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും ഹേമമാലിനി പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കരുത്. സര്‍ക്കാര്‍ ഇതിനെതിരെ മുന്‍ കരുതല്‍ എടുക്കുകയും ഇതിന് പരിഹാരം കണ്ടെത്തുകയും ചെയ്യും. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് തന്നെ കോട്ടമുണ്ടാക്കുന്നുണ്ടെന്നും എം.പി പറഞ്ഞു.
അതേസമയം ബോളിവുഡ് താരവും ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ബ്രാന്‍ഡ് അംബാസിഡറുമായ അമിതാഭ് ബച്ചന്‍ കഠ്‌വ സംഭവത്തിന് ശേഷം ഇന്ന് തന്റെ മൗനം വെടിഞ്ഞിരുന്നു.
കഠ്വ സംഭവത്തില്‍ പ്രതികരണമാരാഞ്ഞ എ.എന്‍.ഐ മാധ്യമപ്രവര്‍ത്തകരോട് ” ആ വിഷയത്തെ കുറിച്ച് ചോദിക്കുകയേ ചെയ്യരുത്”” എന്നായിരുന്നു ബച്ചന്റെ പ്രതികരണം. ആ വിഷയം ചര്‍ച്ച ചെയ്യുന്നത് പോലും വെറുപ്പുളവാക്കുന്നു. ആ വിഷയത്തില്‍ പ്രതികരണം ചോദിച്ചുവരരുത്. അതിനെ കുറിച്ച് സംസാരിക്കുന്നത് പോലും ഭീകരമാണ്””- എന്നായിരുന്നു ബച്ചന്റെ പ്രതികരണം.
പ്രധാനമന്ത്രിയുടെ സ്വന്തം പദ്ധതിയായ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ ബച്ചന്റെ പ്രതികരണത്തിനെതിരെയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. ബച്ചന്റെ മറുപടി ഹിന്ദുത്വവാദികളെ തൃപ്തിപ്പെടുത്തുന്നതാണ് എന്നാണ് ചിലരുടെ വിമര്‍ശനം.