| Thursday, 3rd September 2020, 9:19 am

കാളി ക്ഷേത്രം ഒരു മതവിഭാഗം 'നശിപ്പിച്ചെന്ന് ' ബി.ജെ.പി എം.പിയുടെ നുണപ്രചാരണം; വര്‍ഗീയപ്രചാരണത്തിനെതിരെ ക്ഷേത്ര ഭാരവാഹികളും പൊലീസും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ കാളി ക്ഷേത്രം ഒരു മതവിഭാഗം ‘നശിപ്പിച്ചതായി’ തെറ്റായ വിവരം പ്രചരിപ്പിച്ച് ബി.ജെ.പി എം.പി അര്‍ജുന്‍ സിങ്. ഇയാളുടെ വാദം തെറ്റാണെന്ന് പശ്ചിമബംഗാള്‍ പൊലീസും ക്ഷേത്ര ഭാരവാഹികളും തന്നെ വ്യക്തമാക്കി.

മമത ബാനര്‍ജിയുടെ രാഷ്ട്രീയത്തിന്റെ ജിഹാദി സ്വഭാവമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും മമതയുടെ ഭരണം
ഹിന്ദു മതത്തെയും സംസ്‌കാരത്തെയും നശിപ്പിക്കുകുകയാണെന്നും ബി.ജെ.പി എം.പി ട്വീറ്റില്‍ പറയുന്നു.

ദീദിയുടെ രാഷ്ട്രീയത്തിന്റെ ജിഹാദി സ്വഭാവം ഇപ്പോള്‍ ഹിന്ദു മതത്തെയും സംസ്‌കാരത്തെയും നശിപ്പിക്കുന്നെന്നും പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് പ്രദേശത്ത് ഒരു മതവിഭാഗം ഒരു ക്ഷേത്രത്തെ ആക്രമിക്കുകയും നശിപ്പിക്കുകയും മാ കാളിയുടെ വിഗ്രഹം കത്തിക്കുകയും ചെയ്തത് എങ്ങനെയെന്ന് കാണുക. ലജ്ജാകരമാണ് എന്നായിരുന്നു ഇയാളുടെ ട്വീറ്റ്.

ഇതിന് പിന്നാലെ ക്ഷേത്ര സെക്രട്ടറി തന്നെ അര്‍ജുന്‍ സിംഗിന്റെ വാദം തള്ളി രംഗത്തെത്തി. ആരും ക്ഷേത്രം തീയിടുകയോ വിഗ്രഹം കത്തിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ക്ഷേത്രം സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. അപകടത്തിലാണ് വിഗ്രഹം കത്തിയിരിക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു.

ആഗസ്റ്റ് 31 ന് രാത്രി ഞങ്ങളുടെ ക്ഷേത്രത്തിലെ കാളി വിഗ്രഹം കത്തി.ഞങ്ങളുടെ പ്രദേശത്തെ ഹിന്ദുക്കളും മുസ്ലിങ്ങളും അങ്ങേയറ്റം സൗഹാര്‍ദ്ദപരമായ ബന്ധത്തിലാണ്. ഇത് മതപരമായ വിദ്വേഷം കൊണ്ടല്ല നടന്നതെന്ന് ഇരു സമുദായങ്ങളും വിശ്വസിക്കുന്നു എന്നാണ് ക്ഷേത്രം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

സംഭവത്തെ വളച്ചൊടിച്ച് വര്‍ഗീയ സ്വഭാവം നല്‍കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഇത്തരം തെറ്റയാ പ്രചാരണങ്ങളില്‍ പെട്ടുപോകരുതെന്നും പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

BJP MP gives communal twist to burnt Goddess Kali idol incident, police refute claims

We use cookies to give you the best possible experience. Learn more