| Friday, 16th June 2023, 8:35 am

പാര്‍ട്ടി പരിപാടിക്കിടെ ബി.ജെ.പി എം.എല്‍.എയുമായി വാക്‌പോര്; ഗൗതം ഗംഭീര്‍ എം.പിക്കെതിരെ നടപടി വന്നേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വെച്ച് ബി.ജെ.പി നേതാക്കളുടെ വാക്‌പോര്. ഈസ്റ്റ് ദല്‍ഹി എം.പിയും മുന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീറും ബി.ജെ.പി എം.എല്‍.എയായ ഒ.പി. ശര്‍മയുമായാണ് പാര്‍ട്ടി പരിപാടിക്കിടെ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.

സംഭവത്തില്‍ എം.പിയായ ഗംഭീറിനെതിരെ അച്ചടക്ക നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ദല്‍ഹി ബി.ജെ.പി യൂണിറ്റിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍. ഗംഭീര്‍ താനുമായി പലതവണ വാഗ്വാദത്തിലേര്‍പ്പെടാന്‍ വന്നെന്നാണ് എം.എല്‍.എയുടെ ആരോപണം.

ഗാന്ധിനഗറില്‍ ബി.ജെ.പി സംഘടിപ്പിച്ച സര്‍വ സമാജ് സമ്മേളനത്തിന് മുമ്പും ശേഷവും പലതവണ ഗംഭീര്‍ പ്രകോപനമുയര്‍ത്തിയെന്നാണ് പരാതി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് സംഭവം.

ഇന്നലെ വൈകീട്ട് ഗംഭീറും അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളും എന്നെ നേരിടാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും അവന്റെ പ്രശ്‌നം എന്താണെന്ന് എനിക്കറിയില്ലെന്നും ഒ.പി. ശര്‍മ എം.എല്‍.എ പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വേദിയില്‍ എത്തിയപ്പോള്‍ ശര്‍മയുടെ സാന്നിധ്യത്തെ ഗംഭീര്‍ ആദ്യം എതിര്‍ത്തിരുന്നുവെന്നും തുടര്‍ന്ന് പ്രാദേശിക ബിസിനസ് കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ പങ്കെടുത്ത അടച്ച വാതിലിലൂടെ മീറ്റിംഗിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെന്നും പരിപാടിയില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് പറഞ്ഞു.

അതേസമയം, ഈ വിഷയത്തോട് പ്രതികരിക്കാന്‍ ഗൗതം ഗംഭീര്‍ എം.പി തയ്യാറായില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിര്‍മല സീതാരാമനെ കൂടാതെ ദല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ വീരേന്ദ്ര സച്ദേവ, ഗാന്ധി നഗര്‍ എം.എല്‍.എ അനില്‍ ബാജ്പേയ്, ജില്ലാ ഭാരവാഹികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഇവരുടെയെല്ലാം സാന്നിധ്യത്തിലും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ഇരുവരുടെയും ദേഷ്യം തണുപ്പിക്കാന്‍ ഇടപെട്ടിരുന്നു. ആദ്യത്തെ രണ്ട് തവണയും ദല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ ഇടപെട്ട് ഇരുപക്ഷത്തേയും ശാന്തമാക്കിയിരുന്നു.

പരിപാടി അവസാനിച്ചതിന് ശേഷം വേദി വിടുന്നതിന് മുമ്പ് നിര്‍മല സീതാരാമന്‍ ഇരുവര്‍ക്കും താക്കീത് നല്‍കിയിരുന്നു. എം.പി. പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളോട് ഇങ്ങനെ പെരുമാറുന്നത് ഇതാദ്യമല്ലെന്നും സംഭവം സംസ്ഥാന ഘടകത്തെ വിഷമിപ്പിച്ചെന്നും പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് അവകാശപ്പെട്ടു.

എം.പിയുടേത് സ്ഥിരം പരിപാടിയാണെന്ന് വിശേഷിപ്പിച്ച പാര്‍ട്ടി സംസ്ഥാന ഘടകത്തിലെ നേതാക്കള്‍ എം.പി.ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഗംഭീറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി മുതിര്‍ന്ന നേതാക്കളും ഭാരവാഹികളും വ്യാഴാഴ്ച പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.

Content Highlights: BJP mp gautham gambhir and MLA spat out during party meeting, gambhir may get punished

We use cookies to give you the best possible experience. Learn more