ന്യൂദല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി.
‘ഐ.എസ്.ഐ.എസ് കശ്മീരില്‍’ ഞായറാഴ്ച വീണ്ടും വധഭീഷണി ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ആറ് ദിവസത്തിനിടെ മൂന്നാമത്തെ വധഭീഷണിയാണ് ഗൗതം ഗംഭീറിന് വരുന്നത്.
‘നിങ്ങളുടെ ദല്‍ഹി പൊലീസിനും ഐ.പി.എസ് ശ്വേതയ്ക്കും (ഡി.സി.പി) ഒന്നും പിഴുതെറിയാന്‍ കഴിയില്ല. ഞങ്ങളുടെ ചാരന്മാരും പൊലീസിലുണ്ട്. നിങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കുന്നുണ്ട്,’ ഗംഭീറിന് പുലര്‍ച്ചെ 1.37ന് isiskashmir@yahoo.comല്‍ നിന്ന് ഇ-മെയില്‍ ലഭിച്ചു.
കഴിഞ്ഞ ചൊവ്വാവ്ചയും ബുധനാഴ്ചയും ഗംഭീറിന് വധഭീഷണി ലഭിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി 9.32നാണ് എം.പിയുടെ ഔദ്യോഗിക ഇ-മെയില്‍ ഐഡിയില്‍ ആദ്യ വധഭീഷണി ലഭിച്ചത് എന്നാണ് ഗംഭീറിന്റെ പേഴ്സണല്‍ സെക്രട്ടറി ഗൗരവ് അറോറ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
‘ഞങ്ങള്‍ നിങ്ങളെയും കുടുംബത്തെയും കൊല്ലാന്‍ പോകുന്നു’ എന്നായിരുന്നു ഐ.എസ്.ഐ.എസ് കശ്മീരില്‍ നിന്നുള്ളതെന്ന് പറയപ്പെടുന്ന ഇ-മെയില്‍ പറഞ്ഞിരുന്നത്.
”ഞങ്ങള്‍ നിങ്ങളെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നു, പക്ഷേ നിങ്ങള്‍ ഇന്നലെ രക്ഷപ്പെട്ടു, നിങ്ങളുടെ കുടുംബത്തെ നിങ്ങള്‍ സ്‌നേഹിക്കുന്നുവെങ്കില്‍, രാഷ്ട്രീയത്തില്‍ നിന്നും കശ്മീര്‍ പ്രശ്നത്തില്‍ നിന്നും വിട്ടുനില്‍ക്കുക” എന്നായിരുന്നു രണ്ടാമത്തെ ഇ-മെയില്‍.