| Sunday, 8th October 2017, 10:06 am

'മുസ്‌ലിംങ്ങള്‍ അക്രമികള്‍'; വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി എം.പിയില്‍ നിന്നും പാര്‍ലമെന്റ് വിശദീകരണം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസ്‌ലിം സമുദായം അക്രമകാരികളെന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ബി.ജെ.പി രാജ്യസഭാ എം.പി മേഘ്‌രാജ് ജെയിനില്‍ നിന്നും പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി വിശദീകരണം തേടി. സസ്യാഹാരം മാത്രം കഴിക്കുന്ന ജൈന മതസ്ഥരെ ആടിനെയും പശുവിനെയും കശാപ്പ് ചെയ്ത് തിന്നുന്ന മുസ്‌ലിംങ്ങള്‍ക്കൊപ്പം ന്യൂനപക്ഷമായി പ്രഖ്യാപിക്കരുതെന്നായിരുന്നു പരാമര്‍ശം.

“ജൈനരെ ന്യൂനപക്ഷങ്ങളായി പ്രഖ്യാപിക്കുന്നത് കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണ്. ഞങ്ങള്‍ ന്യൂനപക്ഷങ്ങളല്ല. സമൂഹത്തില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ സ്ഥാനമുണ്ട്. ഞങ്ങള്‍ ശുദ്ധ സസ്യാഹാരികളാണ്. ഉറുമ്പുകളെ പോലും കൊല്ലാറില്ല. അറിയാതെ കൊന്നുപോയാല്‍ ഞങ്ങള്‍ പ്രായശ്ചിത്വം നടത്താറുണ്ട്. അങ്ങനെയുള്ളൊരു സമുദായത്തിനെയാണ് അക്രമികളായ സമുദായത്തിനൊപ്പം ചേര്‍ക്കുന്നത്”

“ഞാന്‍ മുസ്‌ലിംങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്, അവര്‍ ആടുകളെയും പശുക്കളെയും കശാപ്പ് ചെയ്യുന്നവരാണ്. അവര്‍ക്കൊപ്പമാണ് ഞങ്ങളെ ഇരുത്തുന്നത് ഇത് ജൈനരെ അപമാനിക്കുന്നതിന് തുല്ല്യമാണ്.”

ഡോ.കരണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള രാജ്യസഭാ എത്തിക്ക്‌സ് കമ്മിറ്റിയാണ് വിശദീകരണം തേിയിരുന്നത്. ഏപ്രിലിലായിരുന്നു മേഘ്‌രാജിന്റെ പരാമര്‍ശം നടത്തിയിരുന്നത്. മാധ്യമങ്ങളോട് ഇയാള്‍ നടത്തിയ പ്രസ്താവന എടുത്ത് കോണ്‍ഗ്രസ് നേതാവായ ഷാഹിദ് മോഡിയാണ് പരാതി നല്‍കിയത്.

അതേ സമയം പ്രസ്താവനയെ മേഘ്‌രാജ് കഴിഞ്ഞ ദിവസം വീണ്ടും ന്യായീകരിച്ചിരുന്നു. തങ്ങള്‍ ഹിന്ദുക്കളാണെന്നും തങ്ങളെ എന്തിനാണ് ഹിന്ദുക്കളില്‍ നിന്ന് വേര്‍പെടുത്തുന്നതെന്നും എം.പി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more