| Sunday, 10th March 2024, 2:58 pm

കർഷകർക്കും ​ഗുസ്തി താരങ്ങൾക്കുമൊപ്പം; കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഹരിയാനയിലെ ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ വെച്ചാണ് ബ്രിജേന്ദ്ര സിങ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ബി.ജെ.പി വിട്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘വനിതാ ഗുസ്തി താരങ്ങളുടെ പ്രതിഷേധം, കര്‍ഷക സമരം തുടങ്ങി വിവിധ വിഷയങ്ങളില്‍ ബി.ജെ.പിക്കെതിരെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സന്തോഷത്തോടെയാണ് കോണ്‍ഗ്രസില്‍ ചേരുന്നത്’, ബ്രിജേന്ദ്ര സിങ് പറഞ്ഞു.

ബ്രിജേന്ദ്ര സിങിന്റെ പാര്‍ട്ടി പ്രവേശന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, ദീപക് ബാബരിയ എന്നിവരും പങ്കെടുത്തിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിസാറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ബ്രിജേന്ദ്ര സിങ് മത്സരിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കി.

ഹിസാറിലെ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അവസരം നല്‍കിയതില്‍ കോണ്‍ഗ്രസിനും മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം നന്ദി പറഞ്ഞു. എന്നാല്‍ അദ്ദേഹം മത്സരിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസ്താവന ഇതുവരെ പുറത്ത് വന്നിട്ടില്ല.

മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ചൗധരി ബീരേന്ദര്‍ സിങ്ങിന്റെ മകനാണ് ബ്രിജേന്ദ്ര സിങ്. പിതാവും കോണ്‍ഗ്രസില്‍ ചേരാന്‍ സാധ്യതയുണ്ട്. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ബ്രിജേന്ദ്ര സിങ് സര്‍വീസില്‍ നിന്ന് രാജിവെച്ചതിന് ശേഷമാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.

Content Highlight: BJP MP From Haryana Switches To Congress, Cites Wrestlers’ Protest

We use cookies to give you the best possible experience. Learn more