വനിതാ ദിനത്തോടൊപ്പം പുരുഷ ദിനവും ആചരിക്കണം; നിര്‍ദ്ദേശവുമായി ബി.ജെ.പി എം.പി രാജ്യസഭയില്‍
national news
വനിതാ ദിനത്തോടൊപ്പം പുരുഷ ദിനവും ആചരിക്കണം; നിര്‍ദ്ദേശവുമായി ബി.ജെ.പി എം.പി രാജ്യസഭയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th March 2021, 10:07 am

ന്യൂദല്‍ഹി: വനിതാ ദിനം ആഘോഷിക്കുന്നതുപോലെ പുരുഷന്‍മാര്‍ക്കായി ഒരു ദിനം വേണമെന്ന് ബി.ജെ.പി എം.പി. ബി.ജെ.പി എ.പിയായ സൊനാല്‍ മാന്‍സിംഗാണ് അന്താരാഷ്ട്ര പുരുഷ ദിനം വേണമെന്നാവശ്യപ്പെട്ടത്. രാജ്യസഭയിലായിരുന്നു എം.പിയുടെ പരാമര്‍ശം.

‘അന്താരാഷ്ട്ര വനിതാ ദിനത്തോടൊപ്പം തന്നെ പുരുഷന്‍മാര്‍ക്കായി ഒരു ദിനം കൂടി ആചരിക്കണം’, എന്നായിരുന്നു എം.പിയുടെ നിര്‍ദേശം.

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങി നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

അതേസമയം വനിതാ ദിനമായ ഇന്ന് കര്‍ഷക പ്രക്ഷോഭം നടക്കുന്ന ദല്‍ഹി അതിര്‍ത്തികളില്‍ മഹിളാ പഞ്ചായത്തുകള്‍ ചേരാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. സിംഗു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.
സിംഗുവില്‍ രാവിലെ പത്ത് മണിക്കാണ് മഹിളാ പഞ്ചായത്ത് ചേരുക. കെ.എഫ്.സി ചൗകില്‍ നിന്ന് സിംഗു അതിര്‍ത്തിയിലേക്ക് വനിതകളുടെ മാര്‍ച്ചും നടക്കും.

കര്‍ഷക സമരം നൂറു ദിനം പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിഷേധപരിപാടികള്‍ സജീവമാക്കുന്നതിന് ഈ ശനിയാഴ്ച രാജ്യവ്യാപകമായി ട്രെയിന്‍ തടയാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചിട്ടുണ്ട്. വിവിധ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെയാകും ഉപരോധം.

തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ അഞ്ചു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിലേക്ക് ഉടന്‍ പുറപ്പെടുമെന്ന് ബി.കെ.യു നേതാവ് രാകേഷ് ടികായത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: BJP MP Demands International Day For Men