| Tuesday, 18th July 2023, 4:19 pm

ലൈംഗികാതിക്രമക്കേസില്‍ ബ്രിജ് ഭൂഷണ് ഇടക്കാല ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ മുന്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ഡ.ബ്ല്യു.എഫ്.ഐ) തലവനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ഇടക്കാല ജാമ്യം. ദല്‍ഹി റോസ് അവന്യൂ കോടതിയാണ് രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായുള്ള തുടര്‍വാദം ജൂലൈ 20ന് ഉച്ചക്ക് 12.30ന് ഇതേ കോടതിയില്‍ നടക്കും. 25,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം.

സിങ്ങിന്റെ ജാമ്യം ദല്‍ഹി പൊലീസ് കോടതിയില്‍ ചോദ്യം ചെയ്‌തെങ്കിലും ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട് സസ്പെന്‍ഷെനില്‍ കഴിയുന്ന റെസ്‌ലിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും ജാമ്യം ലഭിച്ചു.

സമന്‍സ് അയച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് പ്രതികളും ചൊവ്വാഴ്ച കോടതിയില്‍ ഹാജരായിരുന്നു. വലിയ സുരക്ഷയോടെയാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ റോസ് അവന്യൂ കോടതിയില്‍ ഇന്ന് ഹാജരാക്കിയത്. വാദം കേള്‍ക്കവെ കോടതിക്ക് പുറത്ത് അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചിരുന്നുവെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

കഴിഞ്ഞ ആഴ്ച പുറത്തുവന്ന ദല്‍ഹി പൊലീസിന്റെ ചാര്‍ജ് ഷീറ്റില്‍
ലൈംഗിക അതിക്രമക്കേസില്‍ ബ്രിജ് ഭൂഷണ്‍ കുറ്റം ചെയ്തതായി പറയുന്നുണ്ട്.
ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമം നടത്തി, അപമാനിച്ചു, തുടര്‍ച്ചയായി താരങ്ങള്‍ക്ക് അതിക്രമം നേരിടേണ്ടി വന്നു എന്നിവയൊക്കെയാണ് ചാര്‍ജ് ഷീറ്റിലുള്ളത്.

അതേസമയം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവ് ലൈംഗികാതിക്രമക്കേസ് പിന്‍വലിച്ച് പുതിയ മൊഴി രേഖപ്പെടുത്തിയത് ഉള്‍പ്പെടുത്തിയാണ് ദല്‍ഹി പൊലീസിന്റെ കുറ്റപത്രം.

10 പരാതികളെ അടിസ്ഥാനമാക്കി രണ്ട് എഫ്.ഐ.ആറാണ് ആദ്യ ഘട്ടത്തില്‍ ബ്രിജ് ഭൂഷണെതിരായ കേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതില്‍ പോക്‌സോ കേസിലെ എഫ്.ഐ.ആറാണ് റദ്ദാക്കിയത്. ആറ് ഒളിമ്പ്യന്‍മാരുടെ പരാതിയിലെ ആരോപണങ്ങളാണ് രണ്ടാമത്തെ എഫ്.ഐ.ആറിലുള്ളത്.

സ്ത്രീകളെ മോശമായി സ്പര്‍ശിച്ചുവെന്നും പരിശീലന കേന്ദ്രങ്ങളിലും അന്താരാഷ്ട്ര വേദികളിലും വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നതടക്കമുള്ള ആരോപണമാണ് എഫ്.ഐ.ആറിലുണ്ടായിരുന്നത്.

ലൈംഗികച്ചുവയോടെ സമീപിച്ചെന്നും പണം വാഗ്ദാനം ചെയ്തെന്നും പറയുന്ന പരാതിയില്‍ ടി ഷര്‍ട്ട് ഉയര്‍ത്തി നെഞ്ച് മുതല്‍ പുറക് വശത്തേക്ക് തടവിയെന്നടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ പറയുന്നു. ചിത്രം എടുക്കാനെന്ന വ്യാജേന ശരീരത്തോട് അമര്‍ത്തി നിര്‍ത്തിയെന്നും തോളില്‍ അമര്‍ത്തി മോശമായി തൊട്ടുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

Content Highlight:   BJP MP Brij Bhushan Saran Singh granted interim bail in sexual assault case

We use cookies to give you the best possible experience. Learn more