| Monday, 26th July 2021, 9:03 am

ആ ഫേസ്ബുക്ക് പോസ്റ്റ് എന്റെ മണ്ടത്തരമായിരുന്നു, നിങ്ങള്‍ എന്നോട് പൊറുക്കണം; പാര്‍ട്ടി മീറ്റിങ്ങിനിടെ ബി.ജെ.പി. എം.പി.

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനും പ്രതിപക്ഷ നേതാവ് സുവേന്തു അധികാരിക്കുമെതിരെയിട്ട ഫേസ്ബുക്ക് പോസ്റ്റുകളില്‍ മാപ്പ് പറഞ്ഞ് യുവജനവിഭാഗം നേതാവ് സൗമിത്ര ഖാന്‍. പാര്‍ട്ടി മീറ്റിങ്ങില്‍ പരസ്യമായി മാപ്പ് പറഞ്ഞ സൗമിത്ര ഖാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഒന്നിച്ചുനിന്ന് പോരാടണമെന്നും പറഞ്ഞു.

ബിഷ്ണാപൂരില്‍ നിന്നുള്ള എം.പിയായ സൗമിത്ര ഖാന്‍ യുവ മോര്‍ച്ച അധ്യക്ഷ സ്ഥാനത്ത് നിന്നും നേരത്തെ രാജിവെച്ചിരുന്നു. പിന്നീട് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തിരിച്ചെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജൂലൈ ആദ്യ വാരത്തില്‍ ബി.ജെ.പി. നേതൃത്വത്തിനെതിരെ നടത്തിയ പ്രസ്താവനയ്ക്ക് മാപ്പ് പറഞ്ഞത്.

ഒരു നേതാവ് നിരന്തരം ദല്‍ഹിയിലേക്ക് യാത്രകള്‍ നടത്തുകയാണെന്നും ബംഗാളില്‍ ബി.ജെ.പിക്കുണ്ടാകുന്ന നേട്ടത്തിന്റെ എല്ലാ ക്രെഡിറ്റും സ്വന്തം പേരിലാക്കാന്‍ നോക്കുകയാണെന്നുമായിരുന്നു സൗമിത്ര ഖാന്റെ പോസ്റ്റ്.

ദല്‍ഹിയിലെ നേതാക്കളെ ഇയാള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബംഗാള്‍ ബി.ജെ.പിയിലെ ഏറ്റവും വലിയ നേതാവ് താനാണെന്നാണ് ഇയാള്‍ കരുതുന്നതെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിനെ ലക്ഷ്യമാക്കി സൗമിത്ര പറഞ്ഞിരുന്നു.

ഇപ്പറയുന്ന ആള്‍ക്ക് കാര്യങ്ങള്‍ മുഴുവനായി മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവായ സുവേന്തു അധികാരി ഈ വിഷയങ്ങള്‍ കൃത്യമായി പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഈ പോസ്റ്റ് ബി.ജെ.പിയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇപ്പോള്‍ പോസ്റ്റ് തന്റെ ഭാഗത്തുനിന്നും വന്ന വലിയ അബദ്ധമാണെന്നാണ് സൗമിത്ര ഖാന്‍ പറയുന്നത്.

‘ഫേസ്ബുക്കില്‍ അത്തരത്തിലൊരു പ്രസ്താവന നടത്തിയത് എന്റെ ഭാഗത്തുനിന്നും വന്ന മണ്ടത്തരമാണ്. അതിന്റെ പേരില്‍ ഞാന്‍ എല്ലാവരോടും മാപ്പ് ചോദിക്കുകയാണ്. നിങ്ങളെന്നോട് ക്ഷമിക്കണം. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അത്തരം പ്രസ്താവനകള്‍ നടത്തരുതായിരുന്നു,’ സൗമിത്ര പറഞ്ഞു.

സൗമിത്ര ഖാനും ദിലീപ് ഘോഷും ഒന്നിച്ചായിരുന്നു വേദി പങ്കിട്ടത്. സൗമിത്ര ഖാന്‍ വളരെ ഇമോഷണലായ വ്യക്തിയാണെന്നും അദ്ദേഹത്തോട് തനിക്ക് ഒരു വിരോധവുമില്ലെന്നായിരുന്നു ദിലീപ് ഘോഷിന്റെ പ്രതികരണം. സൗമിത്ര ഖാന്‍ തന്നെ യുവ മോര്‍ച്ച പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും ദിലീപ് ഘോഷ് അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പശ്ചിമബംഗാള്‍ ബി.ജെ.പിയില്‍ തുടര്‍ച്ചയായി പൊട്ടിത്തെറികളുണ്ടായിരുന്നു. പാര്‍ട്ടിയിലെ ഉന്നത നേതൃത്വത്തിനെതിരെ പരസ്യമായി വരെ യുവനേതാക്കളടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: BJP MP Apologises Publicly After Angry Outbursts On Facebook Against 2 Leaders

We use cookies to give you the best possible experience. Learn more