ഭുവനേശ്വര്‍: ബി.ജെ.പിയുടെ ദേശീയ വക്താവും എം.പിയുമായ അപരാജിത സാരംഗിയുടെ ഒഡീഷയിലുള്ള ഓഫീസ് പൂട്ടിച്ച് ഭുവനേശ്വര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തെ തുടര്‍ന്നാണ് നടപടി.
എം.പിയുടെ നടപടിക്കെതിരെ ഒഡീഷ സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പലാസ്പള്ളിയിലുള്ള അപരാജിതയുടെ ഓഫീസ് ബി.എം.സി സോണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ റാബിനാരായണന്‍ ജേതി പൂട്ടിച്ചത്. 15 ദിവസം കഴിഞ്ഞ് മാത്രമേ ഇനി ഓഫീസ് തുറക്കാന്‍ പാടുള്ളൂവെന്നാണ് നിര്‍ദേശം.
കൊവിഡ് ചട്ടലംഘനം നടത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും സാനിറ്റൈസേഷന് ശേഷം 15 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഇനി ഓഫീസ് തുറക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു പാര്‍ട്ടി ഓഫീസില്‍ വെച്ച് എം.പി സ്വന്തം പിറന്നാള്‍ ആഘോഷിച്ചത്. നിരവധി പേരായിരുന്നു ബി.ജെ.പി നേതാവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയത്. ചടങ്ങില്‍ എത്തിയ ഒരാള്‍ പോലും മാസ്‌ക് ധരിക്കുകയോ സാമൂഹ്യ അകലം പാലിക്കുകയോ ചെയ്തിരുന്നില്ല.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ എം.പിക്കെതിരെ കടുത്ത വിമര്‍ശനവുമായി നിരവധി പേര്‍ വന്നിരുന്നു. ഇതിന് പിന്നാലെ ചടങ്ങില്‍ പങ്കെടുത്ത എല്ലാവരുടേയും പേര് വിവരങ്ങള്‍ ശേഖരിക്കാനും കൊവിഡ് പരിശോധന നടത്താനും അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.
ആര്‍ക്കെങ്കിലും കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടാല്‍ എത്രയും പെട്ടെന്ന് തന്നെ അവരെ ഹോം ഐസൊലേഷനില്‍ ആക്കാനും അല്ലെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുമായിരുന്നു ആരോഗ്യവകുപ്പ് നിര്‍ദേശിച്ചത്.
അതേസമയം തനിക്കെതിരെ മാത്രമാണ് സര്‍ക്കാരില്‍ നിന്നും ഇത്തരം നടപടികള്‍ ഉണ്ടാകുന്നതെന്നും ബി.ജെ.ഡി നേതാക്കളില്‍ നിന്നും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചിരുന്നില്ലെന്നുമായിരുന്നു അപരാജിതയുടെ പ്രതികരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക