Advertisement
national news
നെഹ്‌റുവിനെ അധിക്ഷേപിച്ചതില്‍ മാപ്പ് പറഞ്ഞ് അനുരാഗ് ഠാക്കുര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 18, 03:06 pm
Friday, 18th September 2020, 8:36 pm

ന്യൂദല്‍ഹി: നെഹ്‌റുവിനെയും ഗാന്ധി കുടുംബത്തെയും അധിക്ഷേപിച്ചതില്‍ മാപ്പ് പറഞ്ഞ് ബി.ജെ.പി എം.പി അനുരാഗ് ഠാക്കുര്‍. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു അനുരാഗ് മാപ്പ് പറഞ്ഞത്. ‘ആരുടെയും വികാരങ്ങളെ വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചല്ല ഞാന്‍ സംസാരിച്ചത്. എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയെങ്കില്‍ ഞാന്‍ അതില്‍ വേദനിപ്പിക്കുന്നു.’ അനുരാഗ് ഠാക്കുര്‍ പറഞ്ഞു.

ഗാന്ധി കുടുംബത്തിന് വേണ്ടിയാണ് ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസനിധി ആരംഭിച്ചതെന്ന ബി.ജെ.പി എം.പി അനുരാഗ് ഠാക്കൂറിന്റെ പ്രസ്താവനക്ക് പിന്നാലെ വന്‍ പ്രതിപക്ഷ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ലോക്സഭ സമ്മേളനം പല തവണ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.

അനുരാഗ് ഠാക്കൂറിനെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ‘ചോക്കറാ'(പയ്യന്‍) എന്നു വിളിച്ചത് ഭരണപക്ഷത്തിന്റെ പ്രതിഷേധപ്രകടനത്തിനും ഇടയാക്കിയായിരുന്നു. ഇരു പക്ഷങ്ങളും തമ്മില്‍ കടുത്ത വാഗ്വാദങ്ങള്‍ ആരംഭിച്ചതിനെ പിന്നാലെയാണ് സ്പീക്കര്‍ സമ്മേളനം നിര്‍ത്തിവെച്ചത്.

പി.എം കെയര്‍ ഫണ്ടിന് സുതാര്യതിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി പി.എം കെയര്‍ ഫണ്ടിനെ അനൂകൂലിച്ചുക്കൊണ്ട് അനുരാഗ് ഠാക്കൂര്‍ നടത്തിയ പ്രസ്താവനകളാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്.

‘ഹൈക്കോടതി മുതല്‍ സുപ്രീംകോടതി വരെയുള്ള എല്ലാ കോടതികളും പി.എം കെയര്‍ ഫണ്ടിനെ അംഗീകരിച്ചു കഴിഞ്ഞു. കൊച്ചുകുട്ടികള്‍ വരെ അവരുടെ കുഞ്ഞുസമ്പാദ്യത്തില്‍ നിന്നും പി.എം കെയര്‍ ഫണ്ടിലേക്ക് സംഭാവന നടത്തി. ഇതുവരെയും രജിസ്ട്രേഷന്‍ പോലും നടത്താത്ത ഒരു ഫണ്ടാണ് നെഹ്റു രൂപീകരിച്ചത്. ഗാന്ധി കുടുംബത്തിന് ഉപകരിക്കാന്‍ വേണ്ടി മാത്രമാണ് നിങ്ങള്‍(കോണ്‍ഗ്രസ്) ഈ ഫണ്ട് ഉണ്ടാക്കിയത്. സോണിയ ഗാന്ധിയെ അതിന്റെ ചെയര്‍മാനാക്കുകയും ചെയ്തു. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം അന്വേഷണം നടക്കണം.’ അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് എം.പികളും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം ആരംഭിച്ചു. ഇതിനിടയില്‍ അനുരാഗ് ഠാക്കുറിനെ കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരി പയ്യന്‍ എന്ന് വിളിച്ച് അഭിസംബോധന ചെയ്തത് ബി.ജെ.പി പ്രതിഷേധത്തിനും ഇടയാക്കി.

‘ഏതാണ് ഹിമാചലില്‍ നിന്നുള്ള ഈ പയ്യന്‍? എവിടെ നിന്നാണ് ഇവന്‍ വരുന്നത്. നെഹ്റുവിന്റെ പേര് എങ്ങനെയാണ് ഈ ചര്‍ച്ചയില്‍ വന്നത്. ഞങ്ങള്‍ നരേന്ദ്ര മോദിയുടെ പേര് എവിടെയെങ്കിലും പറഞ്ഞോ?’ എന്നായിരുന്നു അധീര്‍ ചൗധരി പറഞ്ഞത്. നെഹ്‌റു-ഗാന്ധി കുടുംബത്തെ അധിക്ഷേപിച്ചതില്‍ അനുരാഗ് ഠാക്കുര്‍ മാപ്പ് പറയണമെന്നും അധിര്‍ ചൗധരി ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP MP Anurag Thakur apologise for his comments against Nehru