| Friday, 22nd March 2024, 10:04 am

ദല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ബി.ജെ.പി നീക്കം; കെജ്‌രിവാളിന് പകരം ആരെന്ന ചര്‍ച്ചകളുമായി എ.എ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്യനയക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അറസ്റ്റിലായതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ബി.ജെ.പി നേതൃത്വം. സംസ്ഥാനത്ത് ഭരണസംവിധാനം തകര്‍ന്നെന്ന് ബി.ജെ.പി ആരോപിച്ചു.

അതേസമയം, കെജ്‌രിവാളിന് പകരം ആരെന്ന ചര്‍ച്ച ആം ആദ്മി പാര്‍ട്ടിയില്‍ തുടങ്ങി കഴിഞ്ഞു. കെജ്‌രിവാളിന്റെ ഭാര്യ സുനിതയുമായി എ.എ.പി നേതൃത്വം ചര്‍ച്ച നടത്തിയെന്നാണ് വിവരം. അരവിന്ദ് കെജ്‌രിവാള്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് കഴിഞ്ഞ ദിവസം എ.എ.പി അറിയിച്ചത്.

ജയിലില്‍ ഇരുന്ന് കൊണ്ട് മുഖ്യമന്ത്രിയുടെ കടമകള്‍ അദ്ദേഹം നിര്‍വഹിക്കമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ദല്‍ഹി ലഫ്റ്റണന്റ് ഗവര്‍ണര്‍ ഇതിന് അനുമതി നല്‍കാന്‍ സാധ്യത ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ലഫ്റ്റണന്റ് ഗവര്‍ണര്‍ കെജ്‌രിവാളിന്റെ രാജി ആവശ്യപ്പെടാനാണ് സാധ്യത.

ദല്‍ഹിയില്‍ വലിയ ഭരണ പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെയും രാഷ്ട്രപതിയെയും സമീപിക്കാനാണ് ബി.ജെ.പി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. എ.എ.പിയുടെ നേതൃ പദവിയിലും മുഖ്യമന്ത്രി സ്ഥാനത്തേക്കും കെജ്‌രിവാളിന് പകരം ആരെന്ന ചര്‍ച്ചകളാണ് പാര്‍ട്ടിയില്‍ തുടരുന്നത്.

എ.എ.പിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, മന്ത്രിമാരായ അതിഷി മെര്‍ലെന, സൗരവ് ഭരദ്വാജ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് വരുന്നത്.

അതിനിടെ കെജ്‌രിവാളിനെ ഇന്ന് വിചാരണ കോടതിയിൽ ഹാജരാക്കും. ശേഷം അദ്ദേഹത്തെ പത്ത് ദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയിലെടുക്കാനാണ് സാധ്യത. എന്നാൽ അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Content Highlight: BJP moves to impose President’s rule in delhi

We use cookies to give you the best possible experience. Learn more