| Wednesday, 25th April 2018, 8:46 am

'കഞ്ചാവ് എനര്‍ജിയില്‍ മോദി'; രാഹുലിനെ ട്രോളിയ ബി.ജെ.പിയുടെ ട്വീറ്റിന് മോദിയെ ട്രോളി സോഷ്യല്‍മീഡിയയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാര്‍ലിമെന്റില്‍ സംവാദത്തിന് വെല്ലുവിളിച്ച രാഹുല്‍ഗാന്ധിയെ ട്രോള്‍ ചെയ്ത് ബി.ജെ.പി ഇന്ത്യയുടെ ട്വീറ്റിന് ട്രോളിലൂടെ തന്നെ മറുപടി നല്‍കി സോഷ്യല്‍മീഡിയ. രാഹുലിനെ പരിഹസിച്ച് പോസ്റ്റ് ചെയ്ത വീഡിയോക്ക് മറുപടിയായി മോദിയുടെ നിരവധി വീഡിയോ പോസ്റ്റ് ചെയ്താണ് സോഷ്യല്‍മീഡിയ പ്രതികരിച്ചത്.

ചൊവ്വാഴ്ചയാണ് ബി.ജെ.പി ഇന്ത്യ എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ രാഹുലിനെ പരിഹസിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്. “രാഹുല്‍ ജി, നിങ്ങള്‍ പാര്‍ലിമെന്റില്‍ പ്രസംഗിക്കണം എന്ന് തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. ഇത്രയും തമാശ എങ്ങനെ ഞങ്ങള്‍ ഒഴിവാക്കും” എന്നാണ് പാര്‍ലിമെന്റില്‍ രാഹുലിന്റെ നാക്കുപിഴകളും അബദ്ധങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ വീഡിയോ പോസ്റ്റ് ചെയ്ത് ബി.ജെ.പി കുറിച്ചത്. “ഭരണ ഘടനയെ രക്ഷിക്കൂ” എന്ന പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദിയെ 15 മിനിറ്റ് സംവാദത്തിന് വെല്ലുവിളിച്ചതിന്റെ പ്രതികരണമായിട്ടാണ് ബി.ജെ.പിയുടെ ട്വീറ്റ്. പാര്‍ലിമെന്റില്‍ റാഫേല്‍ കരാറും നീരവ് മോദി വിഷയവും ഉള്‍പ്പടെയുള്ള വിഷയത്തില്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചാല്‍ മോദി ഓടി ഒളിക്കേണ്ടി വരുമെന്നായിരുന്നു രാഹുലിന്റെ വെല്ലുവിളി.

എന്നാല്‍, ബി.ജെ.പിയുടെ ട്വീറ്റിന് മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍മീഡിയ മറുട്രോളിലൂടെ മറുപടി നല്‍കിത്തുടങ്ങി. മോദിയുടെ അബദ്ധങ്ങളുടെ നിരവധി വീഡിയോകളാണ് മിനിറ്റുകള്‍ക്കുള്ളില്‍ ബി.ജെ.പി ഇന്ത്യയെ മെന്‍ഷന്‍ ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. ഈ വര്‍ഷം വേള്‍ഡ് ഇകണോമിക്‌സ് ഫോറത്തില്‍ പ്രസംഗിക്കവെ ഇന്ത്യയില്‍ 600 കോടി വോട്ടര്‍മാരുണ്ടെന്ന് പറഞ്ഞതാണ് ഏറ്റവും കൂടുതല്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ. 125 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ.

പ്രസംഗത്തില്‍ “വീഡ്(കഞ്ചാവ്) എനര്‍ജി” എന്ന് പറയുന്നതും മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ പേര് തുടര്‍ച്ചയായി തെറ്റിക്കുന്നതും പലരും പോസ്റ്റ് ചെയ്തു.

https://twitter.com/hunt_bhai/status/988714149994577920

പതിനഞ്ച് മിനിറ്റ് മോദിയോട് സംസാരിക്കാന്‍ തന്നെ അനുവദിച്ചാല്‍ മോദി ഓടിയൊളിക്കുന്നത് കാണാമെന്നാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞത്. റാഫേല്‍ കരാര്‍ ഉള്‍പ്പടെയുള്ള വിഷയത്തില്‍ മോദിയെ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു.

“മോദിക്ക് പാര്‍ലിമെന്റില്‍ നില്‍ക്കാന്‍ ഭയമാണ്. റാഫേല്‍ കരാര്‍ വിഷയങ്ങളില്‍ തന്നോട് 15 മിനിറ്റ് ചര്‍ച്ചയ്ക്ക് പാര്‍ലിമെന്റില്‍ നിന്ന് തന്നാല്‍ മോദി ഓടിയൊളിക്കേണ്ടി മോദി ഓടിയൊളിക്കേണ്ടി വരും” രാഹുല്‍ ഗാന്ധി പറഞ്ഞു. “ഭരണഘടനയെ രക്ഷിക്കൂ” എന്ന മുദ്രാവാക്യത്തോടെ ദേശീയതലത്തില്‍ നടത്തുന്ന പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

We use cookies to give you the best possible experience. Learn more