| Wednesday, 31st January 2018, 11:36 am

രാഹുല്‍ ഗാന്ധി 70,000 രൂപയുടെ ജാക്കറ്റ് ധരിച്ചതിനെ പരിഹസിച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി 70,000 രൂപയുടെ ജാക്കറ്റ് ധരിച്ചെത്തിയതിനെ പരിഹസിച്ച് ബി.ജെ.പി. ഉടന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സംഗീത പരിപാടിയിലെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി ധരിച്ച ജാക്കറ്റിന് 70,000 രൂപയോളമാണ് വിലയെന്നാണ് ബി.ജെ.പി കണ്ടെത്തിയത്.

മോഘാലയ ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയായിരുന്നു പരിഹാസം. മേഘാലയയുടെ ട്രഷറിയില്‍ നിന്നും വലിയ അഴിമതിയിലൂടെ “കള്ളപ്പണം” കൊള്ളയടിച്ച സൂട്ട് ബൂട്ട് സര്‍ക്കാറാണോ എന്നാണ് ബി.ജെ.പി ട്വീറ്റ് ചെയ്തത്. ഞങ്ങളുടെ ദു:ഖങ്ങള്‍ പാട്ടുപാടി അകറ്റുന്നതിനു പകരം നിങ്ങളുടെ കഴിവുകെട്ട സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് നല്‍കുകയാണ് വേണ്ടതെന്നും നിങ്ങളുടെ അലംഭാവം ഞങ്ങളെ വിഡ്ഢികളാക്കുന്നതിനു തുല്യമാണെന്നും ട്വീറ്റില്‍ ഉണ്ട്. മുന്‍പ് മോദിസര്‍ക്കാറിനെ “സൂട്ട് ബൂട്ട് സര്‍ക്കാര്‍” എന്ന് രാഹുല്‍ വിശേഷിപ്പിച്ചിരുന്നു.


Also Read: കയ്യില്‍ 1520 രൂപ, അക്കൗണ്ടില്‍ 2410; സാധാരണക്കാരില്‍ സാധാരണക്കാരനായി ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍


ഷില്ലോങ്ങിലാണ് സംഗീത പരിപാടി നടന്നത്. പരിപാടിയ്ക്കു മുന്‍പായി നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെ രാഹുല്‍ ഗാന്ധി കണ്ടു. സംസ്ഥാനത്തെ ജനങ്ങളിലേക്ക് ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തെ നുഴഞ്ഞുകയറാന്‍ അനുവദിക്കില്ല എന്നാണ് കോണ്‍ഗ്രസ് നിലപാട്.

നേരത്തേ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബറാക്ക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മോദി ധരിച്ചത് 10 ലക്ഷം രൂപ വിലവരുന്ന കോട്ടാണ് ധരിച്ചത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. സ്വര്‍ണ്ണനൂലുകള്‍ ഉപയോഗിച്ച് കോട്ടില്‍ മോദിയുടെ പേര് തുന്നിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഈ കോട്ട് പിന്നീട് നാലുകോടി 31 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയിരുന്നു. സൂററ്റില്‍ വജ്രവ്യാപാരം നടത്തുന്ന ലാല്‍ജി ഭായി പട്ടേല്‍ എന്ന ബിസിനസുകാരനാണു മോദിയുടെ പേരെഴുതിയ കോട്ടു ലേലത്തില്‍ സ്വന്തമാക്കിയത്. ഈ തുക ഗംഗാ ശുചീകരണത്തിനുവേണ്ടിയാണു ചെലവഴിക്കുക എന്നാണ് അന്ന് അറിയിച്ചത്.

We use cookies to give you the best possible experience. Learn more