| Tuesday, 4th October 2022, 9:19 am

ഗുജറാത്തില്‍ വീണ്ടും ബി.ജെ.പി, എ.എ.പിക്ക് രണ്ടില്‍ കൂടുതല്‍ സീറ്റ്‌ കിട്ടില്ല; സര്‍വേ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ഗുജറാത്തില്‍ വീണ്ടും ബി.ജെ.പി അധികാരത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. എ.ബി.പി-സി വോട്ടര്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടി വലിയ ഘടകമാകാന്‍ സാധ്യതയില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ ഫലം കാണില്ലെന്നും സര്‍വേയില്‍ പറയുന്നുണ്ട്. ഗുജറാത്തിന് പുറമെ ഹിമാചല്‍ പ്രദേശിലും ബി.ജെ.പി അധികാരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഗുജറാത്തില്‍ ആകെ 182 സീറ്റുകളാണുള്ളത്. ഇതില്‍ 135 മുതല്‍ 143 സീറ്റുകള്‍ വരെ ബി.ജെ.പി സ്വന്തമാക്കും. 77 സീറ്റുള്ള കോണ്‍ഗ്രസിന് 36-44 സീറ്റുകള്‍ മാത്രമേ ഇക്കുറി ലഭിക്കൂവെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. അതേസമയം വിജയപ്രതീക്ഷ മുറുകെ പിടിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എങ്കിലും 17.4 ശതമാനം വോട്ട് വിഹിതം എ.എ.പി നേടിയേക്കും. 41.4 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസിന് 32.3 ശതമാനമായിരിക്കും ഇത്തവണ ലഭിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വീണ്ടും അധികാരത്തിലെത്തിയാലും ബി.ജെ.പിയുടെ വോട്ട് ശതമാനത്തില്‍ കുറവുണ്ടാകാനാണ് സാധ്യത. 46.4 വോട്ടുകളായിരിക്കും സര്‍വേ പ്രകാരം ബി.ജെ.പിക്ക് ലഭിക്കുക. 2017ല്‍ ഇത് 49.1ശതമാനമായിരുന്നു.

ഗുജറാത്തില്‍ ആരാണ് മുഖ്യമന്ത്രിയാകേണ്ടത് എന്ന ചോദ്യത്തിന് 34.6% പേര്‍ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ അനുകൂലിച്ചു. ആം ആദ്മിയുടെ സ്ഥാനാര്‍ത്ഥി മുഖ്യമന്ത്രിയാകണമെന്നാണ് 15.6% പേരുടെ അഭിപ്രായം. 9.2% പേര്‍ ബി.ജെ.പിയുടെ മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയ്ക്കും 5% ആളുകള്‍ മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനും പിന്തുണയറിയിച്ചു.

ഹിമാചല്‍ പ്രദേശില്‍ 68 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ഇതില്‍ ബി.ജെ.പിക്ക് 68 സീറ്റില്‍ 37 മുതല്‍ 45 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

21 മുതല്‍ 29 വരെ സീറ്റുകള്‍ കോണ്‍ഗ്രസിനും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എ.എ.പി 9.5 ശതമാനം വോട്ട് നേടിയാലും സംസ്ഥാനത്ത് സ്വാധീനം ചെലുത്താന്‍ സാധ്യതയില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.

അതേസമയം ആം ആദ്മി പാര്‍ട്ടി ഗുജറാത്തില്‍ വിജയം നേടുമെന്ന് ഐ.ബി റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ എ.എ.പി അധികാരത്തിലെത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് കെജ്‌രിവാള്‍ പറയുന്നത്. റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ബി.ജെ.പിയിലും കോണ്‍ഗ്രസിലും ആശങ്ക ശക്തമായെന്നും ഇരു പാര്‍ട്ടികളും യോഗങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയാണ് റിപ്പോര്‍ട്ടിനെ കൂടുതല്‍ ഭയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് ബി.ജെ.പി ശ്രമം. കോണ്‍ഗ്രസ് ശക്തിപ്പെട്ടാല്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ വിഘടിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഡിസംബറിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Content Highlight: BJP mmight win in gujrat election, aap to get 2 seats survey report

We use cookies to give you the best possible experience. Learn more