| Friday, 20th December 2024, 8:06 am

കർണാടക മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തി; ബി.ജെ.പി എം.എൽ.സി സി.ടി. രവി അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: വനിതാ-ശിശു വികസന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരെ നിയമസഭാ കൗൺസിലിനുള്ളിൽ അപകീർത്തികരമായ പരാമർശം നടത്തിയതിന് മുതിർന്ന ബി.ജെ.പി എം.എൽ.സി, സി. ടി. രവിയെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു .

ഹെബ്ബാൾക്കറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും രവിയെ  സെക്രട്ടേറിയറ്റിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രവിയെ ഖാനാപൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതോടൊപ്പം സുവർണ വിധാന സൗധയിലേക്ക് ഇരച്ചുകയറി രവിയെ ആക്രമിക്കാൻ ശ്രമിച്ച ഹെബ്ബാൾക്കറുടെ അനുയായികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ബി.ആർ അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തെ കോൺഗ്രസ് എം.എൽ.സിമാർ വിമർശിക്കാൻ തുടങ്ങിയതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. കൗൺസിൽ ചെയർപേഴ്‌സൺ ബസവരാജ് ഹൊറട്ടിയയോട് സഭാനടപടികൾ 10 മിനിറ്റോളം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ വാക്കേറ്റത്തിൽ ഏർപ്പെട്ടു.

സഭ പിരിഞ്ഞ ശേഷവും ഇരുപക്ഷവും വാക്കേറ്റം തുടർന്നു. അപ്പോഴാണ് രവി ഹെബ്ബാൾക്കറെ അപകീർത്തികരമായ ഒരു വാക്ക് ഉപയോഗിച്ച് അധിക്ഷേപിച്ചത്. തുടർന്ന് മന്ത്രി രേഖാമൂലം പരാതി നൽക്കുകയായിരുന്നു.

രവി തന്നോട് ‘നീ ഒരു വേശ്യയാണ്’ എന്ന് പറഞ്ഞെന്നും തന്നോട് മോശമായി പെരുമാറിയെന്നും ഹെബ്ബാൾക്കർ രേഖാമൂലം പരാതി നൽകുകയായിരുന്നു. എം.എൽ.സിമാരായ ഉമാശ്രീ, ബൾക്കീസ് ​​ബാനോ, ഡോ. യതീന്ദ്ര .എസ്, എം. നാഗരാജ് എന്നിവർ വാക്കാലുള്ള മൊഴികൾ നൽകിയിട്ടുണ്ട്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്ന് രവി ആരോപിച്ചതായി ഉമാശ്രീ പറഞ്ഞു. 2019ൽ തൻ്റെ കാർ ഇടിച്ച് രണ്ട് പേരെ കൊലപ്പെടുത്തിയതിന് രവിയെ കൊലപാതകിയെന്ന് വിളിക്കാമോ എന്ന് ഹെബ്ബാൾക്കർ ചോദിച്ചതായി ഉമാശ്രീ പറഞ്ഞു. അപ്പോഴാണ് രവി അപകീർത്തിപരമായ ആ വാക്ക് ഉപയോഗിച്ചതെന്നും ഉമാശ്രീ കൂട്ടിച്ചേർത്തു.

Content Highlight: BJP MLC C T Ravi arrested for ‘derogatory’ remarks against Karnataka minister Laxmi Hebbalkar

We use cookies to give you the best possible experience. Learn more