ന്യൂദല്‍ഹി: ലൈംഗിക പീഡനാരോപണത്തില്‍ പ്രതിയെന്നാരോപിക്കുന്ന ബി.ജെ.പി. എം.പിയും ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ വീട്ടിലെത്തി കണ്ട് ബി.ജെ.പി എം.എല്‍.എമാര്‍. ബ്രിജ് ഭൂഷണ് നേരെയുള്ള ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്നും കോണ്‍ഗ്രസ് ഉണ്ടാക്കുന്ന വിവാദങ്ങളാണിതെന്നും അവര്‍ പറഞ്ഞു.
‘ഇത് ഗുസ്തിക്കാരുടെ പ്രതിഷേധമല്ല. ഇത് മുന്‍കൂട്ടി പദ്ധതിയിട്ടതാണ്. അദ്ദേഹത്തിനെതിരെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ കമ്മിറ്റി ബ്രിജ് ഭൂഷണെതിരെ യാതൊരു കുറ്റവും കണ്ടെത്തിയിട്ടില്ല,’ ഗോണ്ടയിലെ കേണല്‍ഗഞ്ച് നിയോജക മണ്ഡലത്തിലെ എം.എല്‍.എ. അജയ് പ്രതാപ് സിങ് പറഞ്ഞു.
ബ്രിജ് ഭൂഷണിന്റെ രാഷ്ട്രീയ പദവികള്‍ ഇല്ലാതാക്കാനുള്ള നീക്കമാണിതെന്ന് ബാലരാമപുരം എം.എല്‍.എ പാല്‍തുറാമും പറഞ്ഞു.
‘എം.പിയുടെ പ്രതിഛായ ഇല്ലാതാക്കാനുള്ള കോണ്‍ഗ്രസിന്റെ പദ്ധതിയാണിത്. പക്ഷേ അവര്‍ ഇതില്‍ വിജയിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സാധാരണ ജനങ്ങള്‍ എന്നിവര്‍ അദ്ദേഹത്തിനൊപ്പമാണ്,’ പാല്‍തുറാം പറഞ്ഞു.
എന്നാല്‍ രാജി തനിക്ക് വലിയ കാര്യമല്ലെന്ന് ബ്രിജ് ഭൂഷണും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘രാജി വലിയ കാര്യമല്ല, പക്ഷേ ഞാന്‍ കുറ്റവാളിയല്ല. ഞാന്‍ രാജിവച്ചാല്‍ അവരുടെ (ഗുസ്തിക്കാരുടെ) ആരോപണങ്ങള്‍ അംഗീകരിച്ചെന്നാണ് അര്‍ഥമാക്കുന്നത്. എന്റെ കാലാവധി ഏതാണ്ട് അവസാനിച്ചു. സര്‍ക്കാര്‍ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു, 45 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കും. അതോടെ എന്റെ കാലാവധി അവസാനിക്കും,’ അദ്ദേഹം പറഞ്ഞു.
അതേസമയം ശനിയാഴ്ച പ്രിയങ്കാ ഗാന്ധി സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കാനെത്തിയിരുന്നു.
‘എനിക്ക് നരേന്ദ്ര മോദിയില്‍ പ്രതീക്ഷയില്ല. കാരണം അദ്ദേഹം ഇവരുടെ കാര്യത്തില്‍ ആശങ്കപ്പെടുന്നുണ്ടെങ്കില്‍ എന്തുകൊണ്ടാണ് സമരം ചെയ്യുന്നവരോട് സംസാരിക്കാത്തത്. എന്തിനാണ് സര്‍ക്കാര്‍ ബ്രിജ് ഭൂഷണെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്,’ അവര്‍ ചോദിച്ചു.
CONTENT HIGHLIGHT: BJP MLAs support Brij Bhushan Singh at home