ഭോപാല്‍: മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ ക്രിക്കറ്റ് കളിച്ച് സമയം ചെലവഴിച്ച് ബി.ജെ.പി എം.എല്‍.എമാര്‍. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലാണ് പുതിയ ‘കളി’.
മധ്യപ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ വി.ഡി ശര്‍മ്മയും മറ്റ് എം.എല്‍.എമാരും ചേര്‍ന്നാണ് ക്രിക്കറ്റ് കളി. സെഹോറിലെ ഗ്രേസ് റിസോര്‍ട്ടിലാണ് ബി.ജെ.പി എം.എല്‍എമാര്‍ നേരമ്പോക്കിന് ബാറ്റും ബോളുമായി ഇറങ്ങിയിരിക്കുന്നത്.
അതേസമയം, ബെംഗളൂരു റിസോര്‍ട്ടില്‍ കഴിയുന്ന വിമത എം.എല്‍.എമാരെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹരജി തള്ളി.
എം.എല്‍.എമാരെ കാണാന്‍ തന്നെ അനുവദിക്കണമെന്ന നിര്‍ദേശം പൊലീസിന് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ദിഗ്വിജയ് സിങ് ഹരജി നല്‍കിയത്. മാര്‍ച്ച് 26 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് എം.എല്‍.എമാരുടെ പിന്തുണ തേടാനാണ് താന്‍ എത്തിയതെന്നും ദിഗ് വിജയ് സിങ് ഹരജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ സിങ്ങിന്റെ ഹരജി ജസ്റ്റിസ് ആര്‍ ദേവരാജ് തള്ളി. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണ് ഇതെന്നും മാത്രമല്ല ഒരു നേതാക്കളേയും കാണാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും അതിന് അനുവദിക്കരുതെന്നും അറിയിച്ച് എം.എല്‍.എമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിക്കഴിഞ്ഞെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് ഹരജി തള്ളിയത്.