ദേശീയ ഗാനം പ്ലേ ചെയ്തപ്പോള്‍ ഇറങ്ങിപ്പോയ നേതാക്കളോട് സംഘികള്‍ക്ക് ഒന്നും ചോദിക്കാനില്ലേ ?
FB Notification
ദേശീയ ഗാനം പ്ലേ ചെയ്തപ്പോള്‍ ഇറങ്ങിപ്പോയ നേതാക്കളോട് സംഘികള്‍ക്ക് ഒന്നും ചോദിക്കാനില്ലേ ?
സുരേഷ് കുഞ്ഞുപിള്ള
Monday, 21st May 2018, 10:46 am

കമ്പിപ്പടം കളിക്കുന്ന തിയേറ്ററില്‍ പോലും മുഴങ്ങുന്ന ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവര്‍ക്ക് നേരെ കൈ തരിപ്പ് കാണിക്കുന്ന സംഘികള്‍ക്ക് ഇന്ന് ജനാധിപത്യത്തിന്റെ കന്നഡ ശ്രീ കോവിലില്‍ ദേശീയഗാനം പ്ലേ ചെയ്തപ്പോള്‍ മാനസ മൈനേ പാടി തെക്കുവടക്ക് നടന്ന സ്വന്തം പാര്‍ട്ടിക്കാരോട് എന്തുവാടെ ഇത് എന്ന് ചോദിയ്ക്കാന്‍ തോന്നുന്നില്ലേ?

ചോദിക്കില്ല, കാരണം സംഘികള്‍ റേഡിയോ കേള്‍ക്കുന്നവരാണ്, അങ്ങോട്ടൊന്നും ചോദിക്കില്ല, ഇങ്ങോട്ട് കേള്‍പ്പിക്കുന്നതങ്ങു വിശ്വസിക്കുകയും ചെയ്യും.

നാലര കൊല്ലം മുന്‍പ് കൗതുകകരമായ ഒരു സംഭവമുണ്ടായി.

അന്നത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് പറഞ്ഞു ഇന്ത്യയില്‍ കൂടുതല്‍ ക്ഷേത്രങ്ങളല്ല, കൂടുതല്‍ ശൗചാലയങ്ങളാണ് വേണ്ടത് എന്ന്.

ജയറാം രമേശിന്റെ വീടിനു മുന്നില്‍ നിരന്നു നിന്നു മൂത്രമൊഴിച്ചാണ് സംഘികള്‍ അതിനോട് പ്രതികരിച്ചത്. ജയറാം രമേശ് ഹിന്ദു സമുദായത്തെ അപമാനിച്ചുവെന്നും മാപ്പ് പറയണമെന്നുമായിരുന്നു സംഘികളുടെ ആവശ്യം.

ഒരു മാസം തികയുന്നതിനു മുന്‍പേ ഇതേ ഡയലോഗ് നരേന്ദ്രമോഡി പറയുന്നു. സംഘികള്‍ നമോയുടെ വീടിനു മുന്നില്‍ മൂത്രമൊഴിക്കുന്നില്ല എന്ന് മാത്രമല്ല മോഡിജിക്ക് അല്ലാതെ വേറെയാര്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയും എന്ന് ആശ്ചര്യം കൂറുന്നു. ജയറാം രമേശിന്റെ വീടിന്റെ മുന്നില്‍ മൂത്രമൊഴിച്ച അതേ സംഘികള്‍! അവര്‍ പിന്നെ ഒരു മാസത്തേക്ക് രോമാഞ്ചം മൂത്ത് മൂത്രമൊഴിക്കാന്‍ തന്നെ മറന്നുപോയി! ജയറാം രമേശിന്റെ വാക്കുകള്‍ നമോ കട്ടതാണ് എന്നുപോലും ഇവര്‍ക്ക് മനസിലായില്ല.

ഞാന്‍ കണ്ട ഭൂരിപക്ഷം നമോ ഭക്തര്‍ക്കും പൊതുവായുള്ള ഒരു സംഭവം എന്തെന്നാല്‍ രണ്ടായിരത്തി പതിനാലിന് മുന്‍പ് ഇവരൊക്കെ യാതൊരു രാഷ്ട്രീയബോധവും സാമൂഹിക ഇടപെടലും ഇല്ലാത്തവരായിരുന്നു എന്നതാണ്. രാഷ്ട്രീയക്കാര്‍ മുഴുവന്‍ അഴിമതിക്കാരാണ് ഒന്നും ശരിയല്ല, നമുക്ക് നമ്മുടെ കാര്യം എന്ന് കരുതി ജീവിച്ചിരുന്നവര്‍ ആണിവര്‍. പക്കാ മിഡില്‍ ക്ലാസ് ഇവിടെയൊന്നും ശരിയല്ല എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നവര്‍. ഒരു ദിവസം വേസ്റ്റ് എടുക്കാന്‍ വരുന്നവരോ തുണി കഴുകാന്‍ വരുന്നവരോ ഒന്ന് ലേറ്റായാല്‍ രോഷം കൊള്ളുന്നവര്‍.

 

അവരൊക്കെ പെട്ടെന്ന് നമോ ഭക്തര്‍ ആയതു മാജിക് വാന്‍ഡ് വച്ച് ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ ഒറ്റദിവസം കൊണ്ട് പരിഹരിക്കും എന്ന നമോയുടെ വാഗ്ദാനം വിശ്വസിച്ചത് കൊണ്ടാണ്. അവര്‍ക്ക് വിശ്വസിക്കാന്‍ ഒരുപാടു കാരണങ്ങള്‍ ഉണ്ട്, മോഡിക്ക് ഫാമിലിയില്ല, രാജ്യത്തിനു വേണ്ടി അതുപേക്ഷിച്ചു എന്നാണു ഭക്തര്‍ പറയുന്നത്. ഒരു ഇരുപത്തയ്യായിരം രൂപ വരുമാനമുണ്ടെങ്കില്‍ വലിയ പ്രശ്‌നമൊന്നുമില്ലാതെ ഡീസന്റായി ഇന്ത്യയില്‍ ഒരു ഫാമിലി മെയിന്റയിന്‍ ചെയ്യാമെന്നും അതുകൊണ്ട് ഒരു മനുഷ്യനും ദേശ വിരുദ്ധന്‍ ആവില്ല എന്നും അറിയാത്തവരല്ല ഇവര്‍, അങ്ങനെ ചിന്തിച്ചു നോക്കത്തവരാണ്.

മോഡി ഇരുപത്തിനാല് മണിക്കൂറും രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാണു ഇവരുടെ വേറൊരു പോയിന്റ്, മന്‍മോഹന്‍ സിങ്ങും നരസിംഹ റാവുവും ഒക്കെ പ്രധാനമന്ത്രിപ്പണി കഴിഞ്ഞു വൈകുന്നേരം തൊഴിലുറപ്പ് പണിക്കും കൂടി പോയിരുന്നു എന്നാണു ഇവര്‍ ധരിച്ചു വെച്ചിരിക്കുന്നതെന്ന് തോന്നുന്നു.

രണ്ടായിരത്തി പതിനാലിന് മുന്‍പ് പത്രം വായിക്കുന്ന ശീലം പോലുമില്ലതിരുന്നവരാണ് പിന്നെ ചരിത്രകാരന്മാരായി വരുന്നത്. അവരുടെ രാഷ്ട്രീയം തുടങ്ങുന്നത് തന്നെ രണ്ടായിരത്തി പതിനാലു മുതലാണ്. അതുകൊണ്ടാണ് ഇതിനു മുന്‍പുണ്ടായിരുന്നവര്‍ മുഴുവന്‍ കള്ളന്മാര്‍ മാത്രമായിരുന്നു എന്നവര്‍ കരുതുന്നത്.

നാലുകൊല്ലംകൊണ്ട് നമോ എന്ത് ചെയ്തു എന്ന് അവര്‍ ചോദിക്കാത്തതും മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ തെറി വിളിക്കുന്നതും ഇതേ പ്രശ്‌നം കൊണ്ടാണ്. നാലുകൊല്ലത്തിനു മുന്‍പുള്ള യാതൊരു റഫറന്‍സും അവരുടെ കയ്യിലില്ല. ഭരണമെന്നാല്‍ ഇതാണ്, പ്രധാനമന്ത്രി എന്നാല്‍ ഇതാണ് എന്നൊക്കെയാണ് അവര്‍ ധരിച്ചിരിക്കുന്നത്.

എന്റെ മുന്‍ഗാമികള്‍ അമ്പതു കൊല്ലം കൊണ്ട് ചെയ്ത കാര്യങ്ങള്‍ ഞാന്‍ വെറും അമ്പതു മാസം കൊണ്ട് ചെയ്യും എന്ന് നരേന്ദ്രമോഡി വീമ്പിളക്കിയിട്ട് ഇപ്പോള്‍ നാല്‍പ്പത്തെട്ടു മാസം ആവുന്നു. ഇതുവരെ എന്ത് മാറ്റമാണ് ഉണ്ടായത് എന്ന് ചോദിച്ചാല്‍ ജവഹര്‍ലാല്‍ നെഹ്റു കൊള്ളരുതാത്തവന്‍ ആണെന്നാണ് മറുപടി! ഭക്തരെ സംബന്ധിച്ച് ആ മറുപടിയില്‍ യാതൊരു കുഴപ്പവുമില്ല എന്നതാണ് ശ്രദ്ധേയമായ സംഗതി.

കാക്കപിടുത്തവും ബ്ലാക്ക് മെയിലിങ്ങും ഒക്കെ വലിയ മിടുക്കായി ഇവര്‍ക്ക് തോന്നുന്നതും ചാണക്യ തന്ത്രം എന്നൊക്കെ വിളിച്ചു രതിമൂര്‍ച്ച അടയുന്നതും ഒക്കെ ഇതേ അരാഷ്ട്രീയത കൊണ്ടാണ്. പൂര്‍വ സൂരികള്‍ ഈ നാടിനു വേണ്ടി എന്ത് ചെയ്തു, ഈ രാജ്യം എങ്ങനെ ഉരുത്തിരിഞ്ഞു എന്നതൊന്നും ഇവരുടെ വിഷയമേ അല്ല.

സംഘികളെ വാച് ചെയ്യുക എന്ന് പറഞ്ഞാല്‍ നല്ലൊരു തമാശയാണ്.