| Thursday, 5th March 2020, 1:43 pm

മഹാരാഷ്ട്രാ ബി.ജെ.പിയില്‍നിന്നും നിരവധി എം.എല്‍.എമാര്‍ ഉടന്‍ മഹാസഖ്യത്തിലേക്ക്; വസ്തുതകള്‍ ഇങ്ങനെയെന്ന് ജയന്ത് പാട്ടീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര ബി.ജെ.പിയില്‍ ഭിന്നിപ്പുണ്ടെന്നും എം.എല്‍.എമാര്‍ മഹാസഖ്യത്തിലേക്ക് ഉടനെത്തുമെന്നും എന്‍.സി.പി നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ ജയന്ത് പാട്ടീല്‍. പതിനഞ്ചോളം ബി.ജെ.പി എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് മഹാ വികാസ് അഘാഡിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തുള്ളവരെ തട്ടിക്കൊണ്ടുവരാനൊന്നും തങ്ങള്‍ക്ക് പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ വെട്ടിലാക്കാന്‍ ബി.ജെ.പി ഓപ്പറേഷന്‍ ലോട്ടസ് നടത്തി എന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ജയന്ത് പാട്ടീലിന്റെ പ്രതികരണം.

‘ബി.ജെ.പിയിലെ പതിനാലോ പതിനഞ്ചോ എംഎല്‍.എമാര്‍ ഞങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്നുപോലും അവര്‍ ബന്ധപ്പെട്ടിരുന്നു. ആ എം.എല്‍.എമാരോട് തിരിച്ചും ഞങ്ങള്‍ നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. ഞങ്ങള്‍ക്ക് അവരുടെ മനസ് മനസിലാക്കാന്‍ കഴിയുന്നുണ്ട്’, പാട്ടീല്‍ പറഞ്ഞു.

പ്രതിപക്ഷ എം.എല്‍.എമാരെ തട്ടിയെടുക്കുന്ന പ്രവണത ശരിയല്ലെന്നും തങ്ങളുടെ ശ്രദ്ധ സര്‍ക്കാരിന്റെ നിലനില്‍പിലാണെന്നും പാട്ടീല്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more