അഹമ്മദാബാദ്: നിയമസഭാ സമ്മേളനത്തിനിടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടുവെന്ന പരാതിയില്‍ ആരോപണം നേരിട്ടിരുന്ന രണ്ടു ബി.ജെ.പി എം.എല്‍.എമാര്‍ക്ക് സ്പീക്കര്‍ ഗണപത് വാസവ ക്ലീന്‍ ചീറ്റ് നല്‍കി. എംഎല്‍എമാരുടെ ഐ പാഡില്‍ ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ അശ്ലീല ചിത്രം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.
സഭാ ഉന്നതാധികാര സമിതിക്ക് അന്വേഷണത്തിന് വിട്ട സ്പീക്കര്‍ ഐപാഡ് പിടിച്ചെടുത്ത് ഗാന്ധിനഗറിലെ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലേക്ക് പരിശോധനക്കായി വിടുകയായിരുന്നു. ഐ പാഡില്‍ അശ്ലീല ദൃശ്യങ്ങളൊന്നും കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എം.എല്‍.എമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു സഭാ നടപടികള്‍ തടസപ്പെടുത്തിയ രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്തതായി സ്പീക്കര്‍ അറിയിച്ചു.
സ്്പീക്കറുടെ ക്ലീന്‍ ചീറ്റ് ലഭിച്ചതോടെ, എം.എല്‍.എമാര്‍ക്കെതിരെ വ്യാജ ആരോപണമുന്നയിച്ച പ്രതിപക്ഷം മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
ഗുജറാത്ത് നിയമസഭയില്‍ ബിജെപി എം.എല്‍.എമാരായ ശങ്കര്‍ഭായ് ചൗധരി, ജേതാഭായ് ഗേല്‍ഭായ് അഹിര്‍ ബര്‍വാഡ് എന്നിവര്‍ ഐപാഡില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതു പ്രാദേശിക പത്രപ്രവര്‍ത്തകനായ ജനക്ഭായ് പുരോഹിത് ആണു ശ്രദ്ധിച്ചത്. ജനക്ഭായ് ഇതു മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ദൃശ്യങ്ങള്‍ പുറത്തുവിടുകയുമായിരുന്നു.
ആദ്യം സ്വാമി വിവേകാനന്ദന്റെ ചിത്രം കണ്ട എം.എല്‍.എമാര്‍ പിന്നീട് കാര്‍ട്ടൂണും തുടര്‍ന്ന് സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും കാണുകയായിരുന്നു. 20 മിനിറ്റോളം അശ്ലീലചിത്രങ്ങള്‍ കണ്ടിരുന്നതായി ജനക്ഭായ് ആരോപിക്കുന്നു.