ബിപ്ലബിനെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം: മുഖ്യമന്ത്രി സ്ഥാനത്ത് നീക്കണമെന്നാവശ്യം
national news
ബിപ്ലബിനെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം: മുഖ്യമന്ത്രി സ്ഥാനത്ത് നീക്കണമെന്നാവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th October 2020, 10:40 am

ന്യൂദല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ത്രിപുരയിലെ ബി.ജെ.പി എം.എല്‍.എമാര്‍ രംഗത്തെത്തി. ഇക്കാര്യം ഉന്നയിച്ച് ബി.ജെ.പി ദേശീയ നേതൃത്വത്തിന് പരാതി നല്‍കാന്‍  ഏഴ് എം.എല്‍.എമാര്‍ ദല്‍ഹിയിലെത്തിയിരിക്കുകയാണ്.

ബിപ്ലബിന്റെത് സ്വേച്ഛാധിപത്യ ഭരണമാണെന്നും അദ്ദേഹത്തിന് ജനപ്രീതിയില്ലെന്നും എം.എല്‍.എമാര്‍ ആരോപിച്ചു. ഭരണത്തില്‍ തീരെ അനുഭവപരിചയമില്ലാത്തയാളാണ് ബിപ്ലബ് എന്നും എം.എല്‍.എമാര്‍ പറഞ്ഞു.

ത്രിപുരയില്‍ ബി.ജെ.പിയ്ക്ക് ഭരണത്തുടര്‍ച്ച നിലനിര്‍ത്താന്‍ ബിപ്ലബ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം. സ്വേച്ഛാധിപത്യ ഭരണമാണ് ത്രിപുരയില്‍ നടക്കുന്നതെന്ന് വിമത എം.എല്‍.എ ചൗധരി പറഞ്ഞു.

മുഖ്യമന്ത്രി എം.എല്‍.എമാരെ വിശ്വാസത്തിലെടുക്കുന്നില്ല. രണ്ടിലേറെ വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി കൈവശപ്പെടുത്തിയിരിക്കുകയാണ്. റിക്ഷ തൊഴിലാളികള്‍ മുതല്‍ വ്യവസായികള്‍ക്ക് വരെ മുഖ്യമന്ത്രിയുടെ നയങ്ങളില്‍ കടുത്ത എതിര്‍പ്പുണ്ടെന്നും ചൗധരി പറഞ്ഞു.

സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലുള്ള 7 എം.എല്‍.എമാരാണ് പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. സുദീപ് റോയ്ക്ക് പുറമേ സുശാന്ത് ചൗധരി, ആശിഷ് സാഹ, ആശിഷ് ദാസ്, ദിവ ചന്ദ്ര രങ്കല്‍, മോഹന്‍ ത്രിപുര, പരിമാള്‍ ദേബ് ബര്‍മ, റാം പ്രസാദ് പാല്‍ എന്നീ എം.എല്‍.എമാരും കേന്ദ്ര നേതൃത്വത്തെ കാണാന്‍ ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി വിമത സംഘം കൂടിക്കാഴ്ച നടത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം വിമത എം.എല്‍.എമാരുടെ നീക്കം സര്‍ക്കാരിന് യാതൊരു ഭീഷണിയും സൃഷ്ടിക്കുന്നില്ലെന്ന് ബിപ്ലവ് ദേബിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

സര്‍ക്കാര്‍ സുരക്ഷിതമാണെന്നും ഏഴോ എട്ടോ എം.എല്‍.എമാര്‍ക്ക് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കില്ലെന്നും ത്രിപുര ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മാണിക് സാഹ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights:  BJP MLAs Demands Removal Of  Tripura CM Biblab Deb Kumar