ഇംഫാല്‍: മണിപ്പൂരില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ കുക്കി വിഭാഗങ്ങള്‍ക്കെതിരെ ബഹുജന ഓപ്പറേഷന് ആഹ്വാനം ചെയ്യുന്ന പ്രമേയം അംഗീകരിച്ച് ബി.ജെ.പി എം.എല്‍.എമാര്‍. ജിരിബാം ജില്ലയില്‍ അടുത്തിടെ നടന്ന കൊലപാതകങ്ങളുടെ സാഹചര്യത്തിലാണ് കുക്കികള്‍ക്കെതിരായ പ്രമേയം എന്‍.ഡി.എയുടെ എം.എല്‍.എമാര്‍ അംഗീകരിച്ചത്.
എന്‍.ഡി.എയുടെ 27 എം.എല്‍.എമാര്‍ പ്രമേയം അംഗീകരിക്കുകയും ഏഴ് പേര്‍ ആരോഗ്യകരമായ കാരണങ്ങളാല്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും 11 പേര്‍ പ്രമേയാവതരണത്തില്‍ ഹാജരാവുകയും ചെയ്തിട്ടില്ല.
ഏഴ് ദിവസത്തിനകം കുക്കി വിഭാഗത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നും കേസ് നാഷണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിക്ക് കൈമാറണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
നവംബര്‍ 14 ന് കേന്ദ്രനിര്‍ദേശ പ്രകാരം മേഖലയില്‍ സായുധ സേനയ്ക്ക് പ്രത്യേക അധികാരം ഏര്‍പ്പെടുത്തിയത് പുനഃപരിശോധിക്കണമെന്നും ബി.ജെ.പി എം.എല്‍.എമാര്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രമേയത്തില്‍ ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ നിശ്ചിത കാലയളവിനുള്ളില്‍ തീരുമാനമുണ്ടാകണമെന്നും മറിച്ചാണെങ്കില്‍ മണിപ്പൂരിലെ ജനങ്ങളോടാലോചിച്ച് ഉചിതമായ തീരുമാനങ്ങളിലേക്കെത്തുമെന്നും അവര്‍ പറയുന്നു.
കൂടാതെ കഴിഞ്ഞ ദിവസങ്ങളിലായി മണിപ്പൂരിലെ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും വീടുകള്‍ക്ക് നേരെയും മറ്റുമുണ്ടായ ആക്രമണത്തെയും അവര്‍ വിമര്‍ശിക്കുകയുണ്ടായി.
അതേസമയം സംസ്ഥാനത്തെ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും കേന്ദ്രത്തിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടാവുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.
മണിപ്പൂരിലെ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് പ്രമേയാവതരണം. മണിപ്പൂരിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്നും യോഗം ചേരും. നിലവില്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇംഫാലില്‍ കര്‍ഫ്യൂവും ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ ആഭ്യന്തര സെക്രട്ടറി ഇംഫാല്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കലാപം തുടങ്ങി രണ്ട് വര്‍ഷം പിന്നിട്ടിട്ടും പ്രധാനമന്ത്രി മണിപ്പൂര്‍ ഒരു തവണ പോലും സന്ദര്‍ശിക്കാത്തതില്‍ ഭരണകക്ഷികളില്‍ നിന്ന് പോലും വിമര്‍ശനം ശക്തമാണ്.
കഴിഞ്ഞ ദിവസം മണിപ്പൂര്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ ഭരണകക്ഷിയായ എന്‍.ഡി.എ ഗവണ്‍മെന്റ് പരാജയപ്പെട്ടെന്ന് കാണിച്ച് സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നദ്ദയ്ക്ക് അയച്ച കത്തിലാണ് എന്‍.പി.പി ദേശീയ അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ്. കെ. സാംഗ്മ ഇക്കാര്യം വ്യക്തമാക്കിയത്. മണിപ്പൂരിലെ നിലവിലെ ക്രമസമാധാന നിലയില്‍ പാര്‍ട്ടി ആശങ്കാകുലരാണെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി നിരപരാധികളുടെ ജീവനാണ് സംഘര്‍ഷത്തില്‍ നഷ്ടമായതെന്നും എന്‍.പി.പി അമിത് ഷായ്ക്ക് അയച്ച കത്തില്‍ പറയുന്നു.
എന്‍.പി.പി പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ജിരിബാമിലെ ബി.ജെ.പിയുടെ എട്ട് പ്രധാന ജില്ലാ നേതാക്കള്‍ രാജിവെച്ചതും സര്‍ക്കാറിന് കനത്ത തിരിച്ചടിയായി. ബിരേന്‍ സിങ് സര്‍ക്കാരിനെതിരെ രാജിക്കത്തില്‍ നേതാക്കള്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്.
Content Highlight: BJP MLAs call for mass operation against cookies in Manipur