|

കാളവണ്ടിയില്‍ കയറിയുള്ള ആ വരവൊക്കെ ഗ്രാന്റായിരുന്നു; പക്ഷെ വണ്ടിക്കാരന് കാശ് കൊടുത്തില്ല: യു.പിയിലെ ബി.ജെ.പി എം.എല്‍.എ പറ്റിച്ചെന്ന് കാളവണ്ടിക്കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലങ്കരിച്ച കാളവണ്ടിയില്‍ കയറിയുള്ള ആ വരവൊക്കെ ഗ്രാന്റായിരുന്നു; പക്ഷെ വണ്ടിക്കാരന് കാശ് കൊടുത്തില്ല: യു.പിയിലെ ബി.ജെ.പി എം.എല്‍.എ പറ്റിച്ചെന്ന് കാളവണ്ടിക്കാരന്‍
ലക്‌നൗ: യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തില്‍ അലങ്കരിച്ച കാളവണ്ടിയിലെത്തിയ ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ പരാതിയുമായി കാളവണ്ടിക്കാരന്‍. യാത്രാക്കൂലി നല്‍കിയില്ലെന്നാണ് പരാതി.

ബുന്ദേഖണ്ഡില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ജവഹര്‍ലാല്‍ രാജ്പുതാണ് കാളവണ്ടിക്കാരന് “പണി നല്‍കിയത്”. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കര്‍ഷകരുടെ താല്‍പര്യത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഉദ്‌ഘോഷിച്ചായിരുന്നു എം.എല്‍.എയുടെ ഈ കാളവണ്ടി യാത്ര.


Must Read: ‘രണ്ടു വയസുള്ള മകനെ മടിയില്‍ കിടത്തി ദിവസം മുഴുവന്‍ ഓട്ടോ ഓടിക്കുന്ന അച്ഛന്‍’ മുഹമ്മദ് സയ്യിദിനെയും കുടുംബത്തെയും ചേര്‍ത്തുപിടിച്ച് മുംബൈ ജനത


മാലയിട്ട് അലങ്കരിച്ച കാളവണ്ടിയില്‍ വിധാന്‍ ഭവന് മുമ്പിലെത്തിയ ഫോട്ടോ സെഷനും കഴിഞ്ഞ് എം.എല്‍.എയങ്ങ് പോകുകയാണുണ്ടായത്. നാലു ദിവസത്തോളം ചിലവഴിച്ച് 300 കിലോമീറ്റര്‍ യാത്ര ചെയ്ത കാളവണ്ടിക്കാരനെയാണ് വെറുംകയ്യോടെ തിരിച്ചയച്ചതെന്നാണ് ഓര്‍ക്കേണ്ടത്.

“ഞങ്ങള്‍ നിയമസഭയിലെത്തിയശേഷം എന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ അദ്ദേഹം പോയി. ഐ.ടി ക്രോസിങ്ങിലെത്തിയാല്‍ (നാലു കിലോമീറ്റര്‍ അകലെയുള്ള) പണം കിട്ടുമെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. ഞാനവിടെയെത്തി രണ്ടു മണിക്കൂറോളം നിയമസഭാ ഗെയ്റ്റിനു മുമ്പില്‍ കാത്തുനിന്നു. എന്നാല്‍ പണം ലഭിച്ചില്ല.” കാളവണ്ടിക്കാരനായ രാം ലഖാന്‍ പറയുന്നു.

“ഒരുപാട് കഷ്ടപ്പെട്ടാണ് ഇത്രയും ദൂരം യാത്ര ചെയ്തത്. ആകെയുള്ള ആശ്വാസം വണ്ടി ബുക്ക് ചെയ്തയാള്‍ തരാമെന്നു പറഞ്ഞ പണമായിരുന്നു. പക്ഷെ ഞാന്‍ ചതിക്കപ്പെട്ടതുപോലെയായിരുന്നു.” അദ്ദേഹം പറഞ്ഞതായി ഡി.എന്‍.എ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇയാള്‍ പരാതിയുമായി രംഗത്തെത്തിയതോടെ എം.എല്‍.എയുടെ സഹായി ഇദ്ദേഹത്തെ സമീപിക്കുകയും കാളയ്ക്ക് ഭക്ഷണവും വെള്ളവും നല്‍കുകയും ചെയ്തു. പണം നല്‍കാമെന്ന് പറഞ്ഞ് അയാള്‍ പോയതായും രാം പറയുന്നു.

10,000രൂപയാണ് എം.എല്‍.എയില്‍ നിന്നും കിട്ടാനുള്ളത്.