ഹൈദരാബാദ്: പ്രവാചകനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ച സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എ രാജ സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്ത് ബി.ജെ.പി. വിഷയത്തില്‍ 10ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും പാര്‍ട്ടി ഇദ്ദേഹത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.
പാര്‍ട്ടിയുടെ ഭരണഘടനക്ക് വിരുദ്ധമായ പ്രസ്താവനയാണ് നടത്തിയതെന്നും ഇതിനാലാണ് സസ്‌പെന്‍ഷനെന്നും പാര്‍ട്ടിയുടെ കേന്ദ്ര അച്ചടക്ക കമ്മിറ്റി സെക്രട്ടറി ഓം പതക് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് രാജ സിങ് പൊലീസ് കസ്റ്റഡിയിലാണ്. തിങ്കളാഴ്ചയാണ് പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള രാജയുടെ വീഡിയോ പുറത്തുവന്നത്. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ പ്രതിഷേധം രൂക്ഷമായിരുന്നു.
അതേസമയം രാജ സിങ് പ്രവാചക നിന്ദ നടത്തിയ സംഭവം നുപുര്‍ ശര്‍മ കേസിന് സമാനമാണെന്ന് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.
രാജ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
രാജ സിങ്ങിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിന്റെ മണ്ഡലം ചാമ്പലാക്കുമെന്നായിരുന്നു തെലങ്കാന കോണ്‍ഗ്രസ് നേതാവ് റാഷിദ് ഖാന്റെ പ്രതികരണം. റാഷിദ് ഖാന്റെ പരാമര്‍ശത്തിന് നേരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
മുമ്പ് ബി.ജെ.പി വക്താവായിരുന്ന നുപുര്‍ ശര്‍മയും ഇത്തരത്തില്‍ പ്രവാചക നിന്ദ പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ പിന്നീട് പാര്‍ട്ടി ഇവരെ പുറത്താക്കുകയായിരുന്നു.
മെയ് 28നായിരുന്നു ഗ്യാന്‍വാപി വിഷയത്തില്‍ ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു നുപുര്‍ ശര്‍മ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചത്. മുസ്‌ലിങ്ങള്‍
ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്തൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചു.