| Friday, 11th February 2022, 9:21 am

സീറ്റ് നല്‍കിയില്ല; യു.പി തെരഞ്ഞെടുപ്പിനിടയില്‍ ബി.ജെ.പി എം.എല്‍.എ പാര്‍ട്ടി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ ബി.ജെ.പിക്ക് തിരിച്ചടി. തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.എല്‍.എ പാര്‍ട്ടി വിട്ടു.

ബെരിയ മണ്ഡലത്തിലെ എം.എല്‍.എയായ സുരേന്ദ്ര സിംഗാണ് പാര്‍ട്ടി പ്രാഥമിക അംഗത്വം രാജിവെച്ചത്. പാര്‍ട്ടി വിട്ടതിന് പിന്നാലെ ബിഹാറിലെ മന്ത്രി മുകേഷ് ഷാനിയുടെ വികാഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയില്‍ അദ്ദേഹം ചേര്‍ന്നു.

ഉത്തര്‍പ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ലയെയാണ് സുരേന്ദ്ര സിംഗിന്റെ മണ്ഡലത്തില്‍ ബി.ജെ.പി നിര്‍ത്തിയത്. തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞ സുരേന്ദ്ര സിംഗ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

തന്നെ ബെരിയ മണ്‍ലത്തില്‍ നിന്നും മത്സരിപ്പിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരുന്നു. ബെരിയ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് താന്‍ മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും താന്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ ജനതാദള്‍ യുവിലേയും ശിവസേനയിലെയും നേതാക്കള്‍ സുരേന്ദ്ര സിംഗുമായി ചര്‍ച്ച നടത്തിയെങ്കിലും താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബാലിയ ജില്ലയില്‍ അദ്ദേഹം വിളിച്ചു കൂട്ടിയ മീറ്റിംഗിലേക്ക് ആയിരക്കണക്കിന് ജനങ്ങളാണ് എത്തിയത്. താക്കൂര്‍ സമുദായത്തില്‍ സുരേന്ദ്രക്കുള്ള സ്വാധീനവും ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

മുമ്പ് തന്റെ വിവാദപ്രസ്താവനകള്‍ കൊണ്ട് സുരേന്ദ്ര സിംഗ് ദേശീയ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഗാന്ധി കുടുംബത്തേയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനേയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ലായിരുന്നു.

നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാവണനായും പ്രയങ്ക ഗാന്ധിയെ ശൂര്‍പ്പണകയായും ഇദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ട്.
മാതാപിതാക്കള്‍ പെണ്‍കുട്ടികളെ നല്ല സംസ്‌കാരത്തില്‍ വളര്‍ത്തിയായാല്‍ ബലാത്സംഗങ്ങള്‍ തടയാമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായിരുന്നു.


Content Highlight: bjp-mla-surendra-singh-joins-vikassheel-insaan-party

We use cookies to give you the best possible experience. Learn more