|

മായവതി ഒരു പോത്താണ്, മോദി ശ്രീരാമന്‍, യോഗി ഹനുമാന്‍: ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.എസ്.പി നേതാവ് മായവതിക്കെതിരെ വ്യക്തി അധിക്ഷേപവുമായി ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്ങ്. ഉത്തര്‍പ്രദേശിലെ ബാലിയയില്‍ നിന്നുള്ള എം.എല്‍.എ ആണ് സുരേന്ദ്ര സിങ്ങ്.

പോത്തുകളെ നിങ്ങള്‍ക്ക് ഒന്നും പഠിപ്പിക്കാന്‍ പറ്റില്ല. നിങ്ങള്‍ അതിനെ കുളിപ്പിച്ച് സുഗന്ധദ്രവ്യങ്ങള്‍ പൂശിയാലും അത് അഴുക്ക് തേടി പോവും. അതുപോലെയാണ് മായാവതി. അവര്‍ അഴിമതിക്കാരിയാണ്. എല്ലാത്തിനും പണം വാങ്ങും. സുരേന്ദ്ര സിങ്ങ് പറഞ്ഞു.

ബി.ജെ.പി അവരെ സംസ്‌കാരം പഠിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് പോത്തുകളുടെ അടുത്ത് നടക്കില്ലല്ലോ എന്നും സിങ്ങ് പറയുന്നുണ്ട്.

സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീരാമനോടാണ് സിങ്ങ് ഉപമിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാനെ പോലെയാണെന്നും എം.എല്‍.എ പറഞ്ഞു.

പ്രതിപക്ഷ ഐക്യം പത്ത് തലയുള്ള രാവണനെ പോലെയാണ്. രാഹുല്‍ ഗാന്ധിയാണ് മുഖ്യനേതാവ്. സിങ്ങ് പറയുന്നു.

2019 തെരഞ്ഞെടുപ്പില്‍ രാമനും ഹനുമാനും ചേര്‍ന്ന് രാവണന്‍ മരിച്ചെന്ന് ഉറപ്പ് വരുത്തുമെന്നും കൂട്ടിച്ചേര്‍ക്കാനും സിങ്ങ് മറന്നില്ല.

ഇന്നലെ എല്ലാ ഹിന്ദു സ്ത്രീകളും കുറഞ്ഞത് അഞ്ച് തവണയെങ്കിലും പ്രസവിക്കണമെന്ന് വിവാദ പ്രസ്താവനയും എം.എല്‍.എ നടത്തിയിരുന്നു. കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ പ്രസാദമാനെന്നായിരുന്നു എം.എല്‍.എയുടെ വാദം. ഹിന്ദുക്കള്‍ തളര്‍ന്നാല്‍ ഇന്ത്യ തളരുമെന്നും സിങ്ങ് പറഞ്ഞിരുന്നു.