ലക്‌നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാവണനാണെന്നും സഹോദരി പ്രിയങ്കാ ഗാന്ധി ശൂര്‍പ്പണഖയാണെന്നും ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവ്. എം.എല്‍.എയായ സുരേന്ദ്ര സിംഗാണ് രാഹുലിനേയും പ്രിയങ്കയേയും രാമായണത്തിലെ പ്രതിനായക കഥാപാത്രങ്ങളോട് ഉപമിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാമനാണെന്നും ജനാധിപത്യ വിശ്വാസികള്‍ രാവണനും ശൂര്‍പ്പണഖയ്ക്കുമെതിരെ പോരാടണമെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. പ്രിയങ്കാ ഗാന്ധിക്ക് ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് സിംഗ് ഇത്തരത്തില്‍ പ്രതികരിച്ചത്.
“രാമനും രാവണനും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നതിന് മുമ്പായി രാവണന്‍ തന്റെ സഹോദരി ശൂര്‍പ്പണഖയെ അയയ്ക്കുന്നുണ്ട്. ഇതുപോലെയാണ് പ്രിയങ്കയ്ക്ക് ചുമതല നല്‍കി ആദ്യം യു.പിയിലേക്ക് അയയ്ക്കുന്നത്”- സുരേന്ദ്ര സിംഗ് പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ രാമനോട് തുല്യപ്പെടുത്തി പോസ്റ്ററുകള്‍ വന്നതിനു പിന്നാലെയാണ് സുരേന്ദ്ര സിംഗിന്റെ ഈ പ്രതികരണം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്നും കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നും, രാജസ്ഥാന്‍, മധ്യപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കാന്‍ കാരണം എസ്.എസി-എസ്.ടി ആക്ട് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പ്രസ്താവനകള്‍ നേരത്തേയും സുരേന്ദ്ര സിംഗ് പറഞ്ഞിരുന്നു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ബലാത്സംഗങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രീരാമനു പോലും സാധിക്കില്ലായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത് ചര്‍ച്ചയായിരുന്നു.
നരേന്ദ്രമോദി ശ്രീരാമന്റെ പുനര്‍ജന്മമാണെന്നും ബലാത്സംഗങ്ങളുണ്ടാകുന്നതിന്റെ കാരണം മൊബൈല്‍ ഫോണിന്റെ ഉപയോഗമാണെന്നും പ്രഖ്യാപിച്ച് വിവാദങ്ങള്‍ക്കു വഴിയൊരുക്കിയിട്ടുള്ളയാളാണ് സുരേന്ദ്ര സിംഗ്.
ലൈംഗികത്തൊഴിലാളികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കാള്‍ ഭേദമാണെന്നും ഭാരത് മാതാ കീ ജയ് എന്നു പറയാന്‍ മടിക്കുന്നവരെല്ലാം പാകിസ്ഥാനികളാണെന്നുമുള്ള പരാമര്‍ശങ്ങള്‍ സുരേന്ദ്ര സിംഗ് നടത്തിയിട്ടുണ്ട്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ശൂര്‍പ്പണഖയെന്നു വിളിച്ചതും പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.