കൊല്‍ക്കത്ത: ബി.ജെ.പി എം.എല്‍.എ സുമന്‍ കാഞ്ചിലാല്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. എ.ഐ.ടി.സി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തിലാണ് കാഞ്ചിലാലിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
ബി.ജെ.പിയുടെ വിദ്വേഷ അജണ്ടകളെ നിരാകരിച്ചുകൊണ്ടാണ് സുമന്‍ കാഞ്ചിലാല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നതെന്ന് ഐ.ഐ.ടി.സി ട്വീറ്റ് ചെയ്തു. കാഞ്ചിലാലിനൊപ്പമുള്ള ചിത്രങ്ങളും തൃണമൂലിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്തുവിട്ടിട്ടുണ്ട്.
‘ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങളും വിദ്വേഷ അജണ്ടകളും നിരാകരിച്ചുകൊണ്ട് ശ്രീ. സുമന്‍ കാഞ്ചിലാല്‍ എ.ഐ.ടി.സി കുടുംബത്തിലേക്ക് കടന്നുവന്നിരിക്കുകയാണ്. ജനങ്ങളെ സേവിക്കാനുള്ള ഒരു ഉദ്ദേശ്യവും ബി.ജെ.പിക്കില്ലെന്ന സത്യം മറ്റൊരു ബി.ജെ.പി എം.എല്‍.എ കൂടി മനസിലാക്കിയിരിക്കുന്നു,’ തൃണമൂലിന്റെ ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു.
നേരത്തെയും ബി.ജെ.പി എം.എല്‍.എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയിട്ടുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി വിട്ട് തൃണമൂലിലെത്തുന്ന ആറാമത്തെ എം.എല്‍.എയാണ് കാഞ്ചിലാല്‍.
Rejecting the anti-people policies & hate-laden agenda of @BJP4India, Shri Suman Kanjilal joined the AITC family today, in the presence of our National General Secretary Shri @abhishekaitc.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് പല നേതാക്കളും തൃണമൂലില്‍ നിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുകയും മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലേറുകയും ചെയ്തതോടെ മുകുള്‍ റോയ് അടക്കമുള്ള നേതാക്കള്‍ തൃണമൂലിലേക്ക് തിരിച്ചെത്തി.
എം.എല്‍.എമാരായ കൃഷ്ണ കല്യാണി, സൗമന്‍ റോയ് എന്നിവരും ഇത്തരത്തില്‍ തിരിച്ചെത്തിയിരുന്നു. ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അര്‍ജുന്‍ സിങ്ങും തൃണമൂലില്‍ ചേര്‍ന്നിരുന്നു.
കൂടുതല്‍ ബി.ജെ.പി എം.എല്‍.എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പശ്ചിമ ബംഗാളിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബി.ജെ.പി എം.എല്‍.എമാരെല്ലാം കൂട്ടത്തോടെ തൃണമൂലിലേക്ക് വരാന്‍ കാത്തിരിക്കുകയാണെന്ന് അഭിഷേക് ബാനര്‍ജിയും പറഞ്ഞിരുന്നു.
പക്ഷെ തങ്ങള്‍ പാതി വാതില്‍ മാത്രമേ തുറന്നിട്ടുള്ളുവെന്നും ശ്രദ്ധിച്ച് മാത്രമേ പാര്‍ട്ടിയിലേക്ക് ബി.ജെ.പി നേതാക്കളെ സ്വാഗതം ചെയ്യുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാഞ്ചിലാലിന്റെ വരവോടെ റിപ്പോര്‍ട്ടുകളിലും അഭിഷേക് ബാനര്‍ജിയുടെ വാക്കുകളിലും കഴമ്പുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് കാഞ്ചിലാല്‍ പാര്‍ട്ടി മാറിയത് എന്നതും രാഷ്ട്രീയ ചര്‍ച്ചക്ക് വഴിവെച്ചിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാണ് കാഞ്ചിലാലിന്റെ പാര്‍ട്ടി മാറ്റമെന്നും വിലയിരുത്തലുകളുണ്ട്.
നിലവില്‍ 294ല്‍ 220 എം.എല്‍.എമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. സുമന്‍ കാഞ്ചിലാലിന്റെ വരവോടെ ഇത് 221 ആകും.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വടക്കന്‍ ബംഗാളിന്റെ ഉന്നമനത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാണ് തൃണമൂലില്‍ ചേര്‍ന്നതിനെ കുറിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ സുമന്‍ പറഞ്ഞത്. ഏറെക്കാലമായി പാര്‍ട്ടി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു കാഞ്ചിലാലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, കാഞ്ചിലാല്‍ പാര്‍ട്ടി മാറിയത് തങ്ങളെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് ബി.ജെ.പി വക്താവ് സമിക് ഭട്ടാചാര്യ പ്രതികരിച്ചു.
‘2019ലെ തെരഞ്ഞെടുപ്പില്‍ സമൂഹത്തിലെ പല മേഖലകളിലുള്ള വ്യക്തികള്‍ ബി.ജെ.പിയിലേക്ക് വന്നിരുന്നു. അതില്‍ പലരും ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ട്. എന്നാല്‍ ചിലര്‍ നമ്മുടെ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചതിനു ശേഷം മറ്റു പല പ്രലോഭനങ്ങളില്‍ മുഴുകി പാര്‍ട്ടി വിട്ട് പോകുന്നു. പക്ഷേ ഇതൊരിക്കലും പാര്‍ട്ടിയെ ബാധിക്കുകയില്ല,’ ഭട്ടാചാര്യ പറഞ്ഞു.
എന്നാല്‍ നേതാക്കള്‍ വിട്ടുപോകുന്നത് സംസ്ഥാന ബി.ജെ.പിയില്‍ അസ്വസ്ഥതക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് നിരവധി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതും ബി.ജെ.പി നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്.
Content Highlight: BJP MLA Suman Kanjilal joins Trinamool Congress