| Monday, 21st February 2022, 9:15 pm

ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത ഹിന്ദുക്കളുടെ ഡി.എന്‍.എ ടെസ്റ്റ് നടത്തും, അധികാരത്തിലെത്തിയാല്‍ മുസ്‌ലിങ്ങളെ ചന്ദനം തൊടുവിക്കും; വിദ്വേഷപ്രസംഗവുമായി യു.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ധോമ്രിയാഗഞ്ച് മണ്ഡലത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മുസ്‌ലിങ്ങളെയാന്നാകെ ചന്ദനം (തിലകം) തൊടുവിക്കുമെന്ന് എം.എല്‍.എ രാഘവേന്ദ്ര സിംഗ്.

താന്‍ ജയിച്ചാല്‍ മുസ്‌ലിം വിഭാഗത്തിലുള്ളവരും തിലകം ധരിക്കേണ്ടി വരുമെന്നും യഥാര്‍ത്ഥ ഹിന്ദുക്കള്‍ തനിക്കായിരിക്കും വോട്ട് ചെയ്യുന്നതെന്നും സിംഗ് പറഞ്ഞു.

തനിക്കല്ലാതെ മറ്റാര്‍ക്കെങ്കിലും വോട്ട് ചെയ്യുന്ന ഹിന്ദുക്കളുടെ ഡി.എന്‍.എ ടെസ്റ്റ് നടത്തുമെന്നും രാഘവേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ത്തു.

മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹിന്ദുവായ ഒരുവന്‍ മറ്റാര്‍ക്കെങ്കിലുമാണ് വോട്ട് ചെയ്യുന്നതെങ്കില്‍ അവന്റെ ശരീരത്തില്‍ ഓടുന്നത് മിയാന്റെ (മുസ്‌ലിങ്ങളെ ഇകഴ്ത്തിക്കാണിക്കുന്ന പദം) രക്തമായിരിക്കും. അവന്‍ രാജ്യദ്രോഹിയും ജയ്ചന്ദിന്റെ അവിഹിത സന്താനവുമായിരിക്കും,’ സിംഗ് പറഞ്ഞു. 12ാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തിയ രാജാവാണ് ജയ്ചന്ദ്.

‘ഞാനിത്രയും പറഞ്ഞിട്ടും ഹിന്ദുക്കള്‍ മറ്റാര്‍ക്കെങ്കിലും വോട്ട് ചെയ്യുകയാണെങ്കില്‍ അയാള്‍ക്ക് മുഖം പോലും പുറത്ത് കാണിക്കാന്‍ പറ്റില്ല. നിങ്ങളിലാരൊക്കെയാണ് ജയ്ചന്ദുകള്‍?” സിംഗ് ചോദിച്ചു.

ആരൊക്കെയാണ് മറ്റേതെങ്കിലും നേതാക്കള്‍ക്ക് വോട്ട് ചെയ്യാന്‍ പോവുന്നതെന്ന് പറയണമെന്നും അവരുടെ രക്തം ഡി.എന്‍.എ പരിശോധന നടത്തണമെന്നും സിംഗ് പറഞ്ഞു.

താന്‍ ധോമ്രിയാഗഞ്ച് മണ്ഡലത്തില്‍ വീണ്ടും ജയിച്ചാന്‍ മുസ്‌ലിങ്ങളെ കൊണ്ട് തിലകം തൊടുവിക്കുമെന്നും അയാള്‍ പറഞ്ഞു.

ഇവിടെ ഇസ്‌ലാമിക് ഭീകരര്‍ ഉണ്ടായിരുന്നപ്പോള്‍ അവര്‍ ഹിന്ദുക്കളെ അടിച്ചമര്‍ത്തുകയാണ് ചെയ്തതെന്നും സിംഗ് പറഞ്ഞു. ഹിന്ദുക്കളുടെ അഭിമാനത്തിന് വേണ്ടി എന്തും ത്യജിക്കാന്‍ താന്‍ തയ്യാറാണെന്നും തന്നെ തോല്‍പിക്കാന്‍ മുസ്‌ലിങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇയാളുടെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടമായ മാര്‍ച്ച് മൂന്നിനാണ് ധോമ്രിയാഗഞ്ച് മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖൊരഗ്പൂരിലും അന്ന് തന്നെയാണ് വോട്ടെടുപ്പ്.

മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Content Highlight: BJP MLA slams hate speech in Uttar Pradesh polls

We use cookies to give you the best possible experience. Learn more