'ഇതാണ് പെര്‍ഫെക്ട്'; ഛത്രപതി ശിവജിയുടെ ഫോട്ടോ പതിച്ച കറന്‍സി പങ്കുവെച്ച് ബി.ജെ.പി എം.എല്‍.എ
national news
'ഇതാണ് പെര്‍ഫെക്ട്'; ഛത്രപതി ശിവജിയുടെ ഫോട്ടോ പതിച്ച കറന്‍സി പങ്കുവെച്ച് ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th October 2022, 3:56 pm

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മറുപടിയുമായി ഛത്രപതി ശിവജിയുടെ ഫോട്ടോ പതിച്ച കറന്‍സി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച് ബി.ജെ.പി നേതാവ് നിതേഷ് റാണെ. കറന്‍സി നോട്ടുകളില്‍ പതിക്കാന്‍ ഏറ്റവും അനുയോജ്യമായ ചിത്രം ശിവജിയുടെതാണെന്നും റാണെ അവകാശപ്പെട്ടു.

‘ഇതാണ് പെര്‍ഫെക്ട്’ എന്ന അടിക്കുറിപ്പോടെയാണ് റാണെ 200 രൂപ കറന്‍സിയുടെ ഫോട്ടോഷോപ്പ് ചിത്രം പങ്കുവെച്ചത്. മഹാരാഷ്ട്രയിലെ കങ്കാവ്ലിയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയാണ് റാണെ.

കറന്‍സി നോട്ട് പരിഷ്‌കരണമെന്ന കെജ്‌രിവാളിന്റെ നിര്‍ദേശത്തിനെതിരെ വ്യാപക വിമര്‍ശനവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഹിന്ദുത്വവിരുദ്ധ നയമുള്ള എ.എ.പിയില്‍ നിന്നും താറുമാറായ സര്‍ക്കാരില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള പുതിയ അടവുമായാണ് കെജ്‌രിവാള്‍ എത്തിയിരിക്കുന്നത് എന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വിമര്‍ശനം.

സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനും ഡോളറിനെതിരായ രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനും ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന കെജ്‌വാളിന്റെ പരാമര്‍ശമാണ് വിവാദമായത്.

‘ഇന്ത്യന്‍ കറന്‍സി നോട്ടില്‍ ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. അത് അതേപോലെ നിലനിര്‍ത്തണം. മറുവശത്ത് ഗണേശ ഭഗവാന്റെയും, ലക്ഷ്മി ദേവിയുടെയും ചിത്രം ഉള്‍പ്പെടുത്തുകയാണെങ്കില്‍ രാജ്യത്തിന് മുഴുവന്‍ അനുഗ്രഹമുണ്ടാകും. 85 ശതമാനം മുസ്‌ലിങ്ങള്‍ ഉള്ള ഇന്തൊനേഷ്യയിലെ കറന്‍സിയില്‍ ഗണേശ ഭഗവാന്റെ ചിത്രമുണ്ട്. അവിടെ വെറും രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കള്‍?’ എന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്.

ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് കെജ്‌രിവാളിന്റെ ഈ പരാമര്‍ശമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യ എതിരാളിയാണ് എ.എ.പി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഹിന്ദുത്വ കാര്‍ഡിറക്കിയാണ് കെജ്‌രിവാളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം.

അതേസമയം, സ്വന്തം ചിഹ്നമായ ചൂലെടുത്ത് തുടച്ചുകളഞ്ഞാലും പോകാത്തത്ര വര്‍ഗീയ മാലിന്യമാണ് ബി.ജെ.പിയുടെ ബി ടീം നേതാവായ അരവിന്ദ് കെജ്‌രിവാളിലുള്ളതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ബി.ജെ.പി തീറ്റിപ്പോറ്റുന്ന പരിവാര്‍ സംഘടന മാത്രമാണ് ആം ആദ്മി പാര്‍ട്ടിയെന്നും അവരുടെ പ്രചാരകന്‍ മാത്രമാണ് കെജ്‌രിവാള്‍ എന്നുമാണ് കെ.സി. വേണുഗോപാല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചത്.

Content Highlight: BJP MLA shares photoshopped pic of Rs 200 note with Chhatrapati Shivaji