'ഇത് എം.എല്‍.എയുടെ വാഹനമാണ്, നിങ്ങള്‍ക്ക് കേസെടുക്കാന്‍ പറ്റില്ല'; നടുറോഡില്‍ പൊലീസിനോട് ആക്രോശിച്ച് ബി.ജെ.പി നേതാവിന്റെ മകള്‍, പിന്നാലെ മാപ്പ് പറഞ്ഞ് എം.എല്‍.എ
national news
'ഇത് എം.എല്‍.എയുടെ വാഹനമാണ്, നിങ്ങള്‍ക്ക് കേസെടുക്കാന്‍ പറ്റില്ല'; നടുറോഡില്‍ പൊലീസിനോട് ആക്രോശിച്ച് ബി.ജെ.പി നേതാവിന്റെ മകള്‍, പിന്നാലെ മാപ്പ് പറഞ്ഞ് എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th June 2022, 12:43 pm

ബെംഗളൂരു: അശ്രദ്ധമായി വാഹനമോടിച്ചെന്ന് ചൂണ്ടിക്കാട്ടി വാഹനം തടഞ്ഞതിന് പിന്നാലെ പൊലീസിനോട് നഗരമധ്യത്തില്‍ തര്‍ക്കിച്ച് ബി.ജെ.പി എം.എല്‍.എയുടെ മകള്‍.

‘എനിക്ക് ഇപ്പോള്‍ പോകണം. കാര്‍ പിടിച്ചുവെക്കരുത്. ഓവര്‍ടേക്ക് ചെയ്തതിന് എന്റെ പേരില്‍ കേസെടുക്കാന്‍ നിങ്ങള്‍ക്കാകില്ല. ഇത് എം.എല്‍.എയുടെ വാഹനമാണ്. ഞങ്ങള്‍ അശ്രദ്ധമായി വാഹനമോടിച്ചിട്ടില്ല. എന്റെ അച്ഛന്‍ അരവിന്ദ് ലിംബാവാലി ആണ്,’ പെണ്‍കുട്ടി പറഞ്ഞു.

സംഭവത്തില്‍ പിഴയടക്കണമെന്ന് പൊലീസ് ആവശ്യമുന്നയിച്ചതോടെ പെണ്‍കുട്ടി പൊലീസിന് ദേഷ്യപ്പെടുകയും കയ്യില്‍ പണമില്ലെന്നും പിഴയടക്കില്ലെന്ന് പറയുകയുമായിരുന്നു.

വാഹനം അതിവേഗത്തില്‍ പായുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വാഹനത്തിന് പിന്നാലെ ചേസ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് പിതാവും എം.എല്‍.എയുമായ അരവിന്ദ് ലിംബാവാല ക്ഷമാപണവുമായി രംഗത്തെത്തിയത്.

‘മകള്‍ മാധ്യമപ്രവര്‍ത്തകരെ സര്‍ എന്ന് തന്നെയാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. വീഡിയോ കണ്ടിരുന്നു. മകള്‍ ചെയ്തതില്‍ ആര്‍ക്കെങ്കിലും പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു,’ ലിംബാവാല പറഞ്ഞു.

വാഹനമോടിച്ചത് മകളല്ലെന്നും അവളോടൊപ്പമുണ്ടായിരുന്ന സുഹൃത്താണെന്നും ലിംബാവാല മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlight: BJP MLA says sorry to police over daughter’s rude behavior towards traffic police