ന്യൂഡല്‍ഹി: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ ഗോരക്ഷകര്‍ പെഹ്ലു ഖാന്‍ എന്നയാളെ തല്ലിക്കൊന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ പകുതി പേരും നിരപരാധികളാണെന്ന് അല്‍വാറിലെ ബിജെപി എം.ല്‍.എയായ ഗ്യാന്‍ദേവ് അഹൂജ.സംഭവം നടന്നയിടത്ത് ഉണ്ടാകാതിരുന്നവരാണ് പ്രതിപട്ടികയില്‍ ഉള്ളതെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം പറയുന്നു.
വ്യക്തിപരമായ പ്രതികാരം വീട്ടാന്‍ വേണ്ടി പൊലീസുകാര്‍ അനാവശ്യമായി പശു സംരക്ഷകരെ ഉപദ്രവിക്കുകയാണെന്നാണ് എം.പിയുടെ അഭിപ്രായം. എല്ലാ വീഡിയോകളും മറ്റു തെളിവുകളും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എല്‍.എ പറയുന്നു.
പശു സംരക്ഷകന്‍ എന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പശു ഒരു മൃഗമല്ല, നമ്മുടെ അമ്മയാണ്. പശുക്കളെ സംരക്ഷിക്കാന്‍ സ്വന്തം ജീവിതം സമര്‍പ്പിക്കുന്നവരാണ് മനുഷ്യരെന്നും. ഇതൊരു തമാശയല്ല. അതിനാലാണ് താന്‍ ഗോരക്ഷകരെ പിന്തുണയ്ക്കുന്നെന്നും എം.എല്‍.എ വിശദീകരിക്കുന്നു.
കൂടാതെ പെഹ്ലുഖാന്‍ മരിച്ചത് ഷോക്കിനാലാണെന്ന വാദവും എം.എല്‍.എയ്ക്കുണ്ട്. ഇതിനെ കുറിച്ച് സംസാരിക്കവെ ക്രൂരമര്‍ദ്ദനത്തിലേറ്റ പരുക്കാണ് പെഹ്ലു ഖാന്റെ ജീവനെടുത്തതെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറഞ്ഞുവല്ലോ എന്ന ന്യൂസ് 18 മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് എംഎല്‍എയുടെ മറുപടി, ഷോക്കിനാലാണ് പെഹ്ലു ഖാന്‍ മരിച്ചത്. ഡോക്ടര്‍ എന്താണ് പറഞ്ഞതെന്ന കാര്യം തനിക്കറിയില്ലെന്നായിരുന്നു.
“പോസ്റ്റ്മോര്‍ട്ടം പരിശോധിക്കൂ. അദ്ദേഹത്തിന് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അപ്പോള്‍ മനസ്സിലാകും. എട്ട് പേര്‍ക്കൊപ്പം അനധികൃതമായി പശുക്കളെ കടത്തുകയായിരുന്നു അയാള്‍. ഞാന്‍ അക്രമത്തെ ന്യായീകരിക്കുന്നു എന്നല്ല അതിനര്‍ത്ഥം.” അദ്ദേഹം പറയുന്നു.