ബെംഗളൂരു: കര്‍ണാടകയില്‍ ശിവജി-ടിപ്പു പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ടിപ്പുവിന്റെ വിഭാഗം പരാജയപ്പെടുമെന്നും ശിവജി വിജയിക്കുമെന്നുമായിരുന്നു ബി.ജെ.പി എം.എല്‍.എ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാലിന്റെ പരാമര്‍ശം. ബിജാപൂരില്‍ നിന്നുള്ള എം.എല്‍.എയാണ് അദ്ദേഹം.
തിങ്കളാഴ്ച ബിജാപൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ഒരു ലക്ഷത്തോളം ‘ടിപ്പു സുല്‍ത്താന്മാരു’ള്ള ബിജാപൂര്‍ മണ്ഡലത്തില്‍ നിന്ന് എങ്ങനെയാണ് ഒരു ശിവജി മഹാരാജാവിന്റെ പിന്‍ഗാമി ജയിച്ചതെന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ബിജാപൂരില്‍ ശിവജി മഹാരാജ് മുന്നോട്ടുപോകുക തന്നെ ചെയ്യും. ഒരു ടിപ്പുവും അവിടെ വിജയം കാണില്ല,’ എം.എല്‍.എ ബസന്‍ഗൗഡ പറയുന്നു.
അതേസമയം ബസന്‍ഗൗഡയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖാര്‍ഗെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയത്തെ ഇത്തരത്തിലല്ല വേര്‍തിരിക്കേണ്ടതെന്നും പുരോഗമന രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘സംസ്ഥാനത്തെ രാഷ്ട്രീയത്തിന് ഇത്തരത്തിലൊരു വ്യാഖ്യാനം കൊണ്ടുവരുന്നത് ശരിയായ നടപടിയല്ല. നമ്മള്‍ കന്നഡിഗകരാണ്. ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് പുരോഗമന രാഷ്ട്രീയത്തെയാണ്. സംസ്ഥാനത്ത് നടന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കൂ, എന്നിട്ട് വോട്ട് ചോദിക്കൂ,’ പ്രയങ്ക് ഖാര്‍ഗെ പറയുന്നു.
തെരഞ്ഞെടുപ്പ് അടുത്തതിന് പിന്നാലെ സംസ്ഥാനത്ത് ടിപ്പു സുല്‍ത്താന്‍ v/s ഹിന്ദുത്വ മുദ്രാവാക്യമുയര്‍ത്തിയാണ് ബി.ജെ.പിയുടെ പ്രചരണം. ടിപ്പു ജയന്തി നിര്‍ത്തലാക്കുക, സലാം ആരതി ആഘോഷത്തിന്റെ പേര് ആരതി നമസ്‌കാര എന്നാക്കുക, ടിപ്പുവിനെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തെ ഹിന്ദുത്വ ആശയങ്ങളുടെ വേലിക്കെട്ട് ശക്തമാക്കാന്‍ ബി.ജെ.പി ശ്രമങ്ങള്‍ നടത്തിവരികയാണ്.
സംസ്ഥാനത്ത് രാമക്ഷേത്രം പണിയുമെന്നും ബി.ജെ.പി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ടിപ്പുവിനെ പിന്തുണയ്ക്കുന്നവര്‍ക്ക് സ്ഥാനമില്ലെന്നും ശ്രീരാമ വിശ്വാസികള്‍ മതിയെന്നും കര്‍ണാടക ബി.ജെ.പി നേതാവ് നളിന്‍ കുമാര്‍ കടീല്‍ പറഞ്ഞിരുന്നു.
സവര്‍ക്കറിനെ സംബന്ധിച്ച പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ ബി.ജെ.പി സ്വാതന്ത്ര്യദിനാഘോഷത്തില്‍ സവര്‍ക്കറിന്റെ ഫ്‌ളെക്‌സുകളും ഉയര്‍ത്തിയിരുന്നു.
Content Highlight: BJP MLA says no tippus will win in karnataka, congress says talk about progressive politics