ലക്‌നൗ: ജനസംഖ്യാ നിയന്ത്രണത്തിനായുള്ള പരിപാടിയില്‍ ഹിന്ദുക്കളോട് കൂടുതല്‍ കുട്ടികളെ ഉല്പാദിപ്പിക്കാനാവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എ വിക്രം സൈനി. ജനസംഖ്യാ നിയന്ത്രണ നിയമം വരുന്നതിനു മുമ്പ് ഹിന്ദുക്കള്‍ കുട്ടികള്‍ക്കു ജന്മം നല്‍കിക്കൊണ്ടേയിരിക്കണമെന്നാണ് ബി.ജെ.പി എം.എല്‍.എയുടെ നിര്‍ദേശം.
“ജനസംഖ്യാ നിയന്ത്രണത്തിനുള്ള ഒരു നിയമം വരുന്നതുവരെ എന്റെ ഹിന്ദു സഹോദരങ്ങളേ, നിങ്ങള്‍ നിര്‍ത്തരുത്. കുട്ടികള്‍ക്ക് ജന്മം നല്‍കിക്കൊണ്ടേയിരിക്കണം.” എന്നാണ് സൈനി പറഞ്ഞത്.
രണ്ടു കുട്ടി നയം ഹിന്ദുക്കള്‍ക്ക് അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ അതു ചെയ്തിട്ടില്ല. നിയമം എല്ലാവര്‍ക്കും തുല്യമാവണമെന്നു പറഞ്ഞാണ് അദ്ദേഹം ഹിന്ദുക്കള്‍ക്ക് മുമ്പില്‍ ഇത്തരമൊരു ആവശ്യം വെയ്ക്കുന്നത്.
“ഞങ്ങള്‍ക്ക് രണ്ടു കുട്ടികളായപ്പോള്‍ എന്റെ ഭാര്യ പറഞ്ഞു മൂന്നാമതിനി കുട്ടി വേണ്ടയെന്ന്. പക്ഷേ ഞാന്‍ പറഞ്ഞു നമുക്ക് നാലും അഞ്ചും വേണമെന്ന്.” അദ്ദേഹം പറഞ്ഞു.
ഇതാദ്യമായല്ല ഖടൗളി എം.എല്‍.എ ഇത്തരമൊരു വിവാദ പരാമര്‍ശം നടത്തുന്നത്. ജനുവരിയില്‍ അദ്ദേഹം ഹിന്ദുക്കള്‍ക്കുവേണ്ടിയുള്ള രാജ്യം ഹിന്ദുസ്ഥാന്‍ എന്നറിയപ്പെടണമെന്നു പറഞ്ഞത് വിവാദമായിരുന്നു. പിന്നീട് തന്റെ പ്രസ്താവന പാകിസ്ഥാനെതിരെയാണെന്നും മുസ്‌ലീങ്ങള്‍ക്കെതിരെയല്ലെന്നും പറഞ്ഞ് അദ്ദേഹം തടിയൂരുകയും ചെയ്തു.
2013ലെ മുസഫര്‍നഗര്‍ കലാപക്കേസില്‍ പ്രധാന പ്രതിയെന്നു സംശയിക്കുന്നയാളാണ് സൈനി.