ഹൈദരബാദ്: ജൈന മതക്കാരെ പരിഹസിച്ചെന്ന് ആരോപിച്ച് ഹൈദരബാദില്‍ സ്റ്റാന്‍ഡപ്പ് കൊമേഡിയനെ ഭീഷണിപ്പെടുത്തി പരിപാടി പിന്‍വലിപ്പിച്ച് ബി.ജെ.പി എം.എല്‍.എ. ഹാസ്യനടന്‍ ഡാനിയല്‍ ഫെര്‍ണാണ്ടസാണ് ബി.ജെ.പി എം.എല്‍.എ ടി. രാജ സിങ്ങിന്റെ ഭീഷണിയെ തുടര്‍ന്ന് പരിപാടി നിന്ന് പിന്‍മാറിയത്.
ഫെര്‍ണാണ്ടസ് തന്നെയാണ് ഈ കാര്യം സമൂഹമാധ്യമം വഴി അറിയിച്ചത്. നേരത്തെ ഈദിന് മുന്നോടിയായി ദല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ ആടുകളെ വാങ്ങാന്‍ മുസ്‌ലങ്ങളായി വേഷമിട്ട ജൈന മതത്തിലെ ചിലരുടെ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫെര്‍ണാണ്ടസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയാണ് ബി.ജെ.പിയുടെ ഭീഷണിക്ക് ഇടയാക്കിയത്.
ദി പ്രിന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ജൈന മതത്തിലെ ചില അംഗങ്ങള്‍ 124 ആടുകളെ കശാപ്പില്‍ നിന്ന് ‘രക്ഷിക്കാന്‍’ 15 ലക്ഷം രൂപ നല്‍കി എന്നാണ് പറയുന്നത്.
വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഫെര്‍ണാണ്ടസിന്റെ ഇന്‍സ്റ്റാഗ്രാം പോസറ്റിന് താഴെ ഭീഷണി കമന്റുകള്‍ വന്ന് തുടങ്ങി. ഇതിന് പിന്നാലെയാണ് ശനിയാഴ്ച നടക്കേണ്ടിയിരുന്ന പരിപാടി പിന്‍വലിക്കുന്നതായി ഫെര്‍ണാണ്ടസ് ഇന്‍സ്റ്റാഗ്രാം വഴി അറിയിച്ചത്.
ഫെര്‍ണാണ്ടസ് പരിപാടി റദ്ദാക്കിയില്ലെങ്കില്‍ അദ്ദേഹത്തെ തങ്ങളുടെ ആളുകള്‍ മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവ് ടി രാജ സിങ് വീഡിയോ പങ്കുവെച്ചിരുന്നു. പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ ഹൈദരബാദ് പൊലീസിനെയും സമീപിച്ചിരുന്നു.
ഹാസ്യതാരങ്ങള്‍ എന്ന നിലയില്‍ തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നന്നായി സ്വീകരിക്കപ്പെടില്ലെന്ന് അറിയാമെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. എല്ലാവരേയും ചിരിപ്പിക്കുക എന്നത് അസാധ്യമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു കലാകാരന്റെ സൃഷ്ടിയോട് വിയോജിക്കുന്നത് ശരിയായ കാര്യമാണ്. എന്നാല്‍ ഭീഷണിപ്പെടുത്തുകയല്ല ചെയ്യേണ്ടതെന്നും ഫെര്‍ണാണ്ടസ് പറഞ്ഞു.
Content Highlight: BJP MLA’s threats force comedian to cancel Hyderabad show after joke about Jain community