ബെംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എയുടെ മകനെ കൈക്കൂലി കേസില്‍ പിടികൂടി. ചന്നഗിരി എം.എല്‍.എ മദല്‍ വിരുപക്ഷപ്പയുടെ മകനും ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവേജ് ബോര്‍ഡിലെ ചീഫ് അക്കൗണ്ടന്റുമായ വി. പ്രശാന്ത് മദലിനെയാണ് ലോകായുക്ത പൊലീസ് പിടികൂടിയത്.
എം.എല്‍.എയുടെ ഓഫീസില്‍ വെച്ച് സ്വകാര്യ വ്യക്തിയില്‍ നിന്നും 40 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. പണം നല്‍കിയ വ്യക്തിയില്‍ നിന്നും ഈ കൈമാറ്റത്തെ കുറിച്ച് നേരത്തെ വിവരം ലഭിച്ച ലോകായുക്ത ഓഫീസിലെത്തുകയായിരുന്നു.
അറസ്റ്റിന് പിന്നാലെ നടത്തിയ റെയ്ഡില്‍ ആറ് കോടി രൂപയും പിടിച്ചെടുത്തു. ഇതില്‍ 1.2 കോടി എം.എല്‍.എയുടെ ഓഫീസില്‍ നിന്നാണ് ലഭിച്ചത്. ബാക്കി തുക വി. പ്രശാന്തിന്റെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് പിടിച്ചെടുത്തത്.
കര്‍ണാടക സോപ്പ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്‍സ് ലിമിറ്റിഡിന്റെ കൂടി ചെയര്‍പേഴ്‌സണായ എം.എല്‍.എക്കുള്ള കൈക്കൂലിയാണ് മകന്‍ കൈപ്പറ്റിയതെന്ന് ലോകായുക്ത പൊലീസ് പറഞ്ഞതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആകെ 81 ലക്ഷമായിരുന്നു കൈക്കൂലിയായി സ്വകാര്യ വ്യക്തിയില്‍ നിന്നും ആവശ്യപ്പെട്ടിരുന്നതെന്നും പൊലീസ് പറയുന്നു. തുടര്‍ന്നാണ് ഇയാള്‍ ലോകായുക്തയെ വിവരമറിയിച്ചത്.
കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
നിലവില്‍ പ്രവര്‍ത്തനരഹിതമായ ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഫിനാഷ്യല്‍ അഡ്‌വൈസര്‍ കൂടിയായിരുന്നു വി. പ്രശാന്ത്. അക്കാലത്തെ പ്രശാന്തിന്റെ പ്രവര്‍ത്തനങ്ങളും ഒരുപക്ഷെ അന്വേഷണ വിധേയമായേക്കാം. ലോകായുക്തയില്‍ കയറിപ്പറ്റാനും ഇയാള്‍ ശ്രമിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ ഈ അറസ്റ്റ് ബി.ജെ.പിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചിട്ടുണ്ട്. മുന്‍ സര്‍ക്കാരുകളെല്ലാം അഴിമതിക്കാരായിരുന്നെന്നും ബി.ജെ.പി മാത്രമാണ് അതില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നത് എന്നുമായിരുന്നു നേതാക്കളെല്ലാം പ്രചാരണ റാലികളില്‍ ആവര്‍ത്തിച്ചിരുന്നത്.
Content Highlight: BJP MLA’s son arrested in bribery case in Karnataka, crores recovered in raid