| Monday, 15th July 2019, 11:05 am

കോടതി വളപ്പില്‍വെച്ച് തട്ടിക്കൊണ്ടുപോയത് ദളിത് യുവാവിനെ വിവാഹം കഴിച്ച ബി.ജെ.പി എം.എല്‍.എയുടെ മകളെയല്ലെന്ന് റിപ്പോര്‍ട്ട്; ദമ്പതികളെ തട്ടിക്കൊണ്ടുപോയെന്ന് പൊലീസ് സ്ഥിരീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബറേലി: ഉത്തര്‍പ്രദേശിലെ അലഹബാദ് കോടതി വളപ്പില്‍വെച്ച് ദമ്പതികളെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി പൊലീസ് സ്ഥിരീകരിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം ദമ്പതികളുടെ ഐഡന്റിറ്റി സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദളിത് യുവാവിനെ വിവാഹം കഴിച്ച ബി.ജെ.പി എം.എല്‍.എയുടെ മകളേയും ഭര്‍ത്താവിനേയുമാണ് കോടതി വളപ്പില്‍വെച്ച് തട്ടിക്കൊണ്ടുപോയതെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇവര്‍ പിന്നീട് കോടതിയില്‍ ഹാജരായിരുന്നു. അതേസമയം കോടതി പരിസരത്ത് തങ്ങള്‍ ആക്രമിക്കപ്പെട്ടതായി ഇവര്‍ പരാതിപ്പെട്ടിട്ടുണ്ട്.

കോടതി പരിസരത്തുവെച്ച് പെണ്‍കുട്ടിയേയും ഭര്‍ത്താവിനേയും തോക്കിന്‍മുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ടുപോയെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

രാവിലെ 8.30 ഓടെയായിരുന്നു സംഭവം. കോടതിയുടെ മൂന്നാം ഗേറ്റിനു പുറത്ത് കാത്തുനിന്ന ദമ്പതികളെ കറുത്ത എസ്.യു.വിയിലെത്തിയ സംഘം തോക്കിന്‍മുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ടുപോയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആഗ്ര ജില്ലയുടെ രജിസ്‌ട്രേഷന്‍ നമ്പറിലുള്ള വാഹനത്തിലാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. വാഹനത്തിനു പുറത്ത് ‘ചെയര്‍മാന്‍’ എന്ന് എഴുതിയിട്ടുണ്ടെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more