ന്യൂദല്‍ഹി: അനുഷ്‌ക ശര്‍മ്മ- വിരാട് കോഹ്ലി വിവാഹം ഇറ്റലിയില്‍ വെച്ച് നടത്തിയത് രാജ്യസ്നേഹം കുറവായത് കൊണ്ടാണെന്ന പ്രസ്താവനയുമായി മധ്യപ്രദേശ് ബി.ജെ.പി എം.എല്‍.എ ലാല്‍ ഷാക്യ.
കോഹ്ലി ഇവിടെ നിന്ന് പണമുണ്ടാക്കി ബില്ല്യണ്‍ കണക്കിന് ഇറ്റലിയില്‍ ചിലവഴിക്കുകയാണ് ചെയ്തത്. ഇതിനര്‍ത്ഥം രാജ്യത്തെ കോഹ്ലി ബഹുമാനിക്കുന്നില്ലെന്നാണ്. ഇത് തെളിയിക്കുന്നത് അദ്ദേഹമൊരു രാജ്യ സ്നേഹിയല്ലെന്നാണ് ലാല്‍ ഷാക്യ പറയുന്നു.
“വിരാട് ഇന്ത്യയില്‍ നിന്നാണ് പണം ഉണ്ടാക്കിയത്. പക്ഷെ വിവാഹം നടത്താന്‍ രാജ്യത്ത് എവിടെയും അദ്ദേഹത്തിന് സ്ഥലം കിട്ടിയില്ല. ഹിന്ദുസ്ഥാന്‍ എന്താണ് തൊട്ടുകൂടായ്മയുണ്ടോ ? ശ്രീരാമനും ശ്രീകൃഷ്ണനും വിക്രമാദിത്യനും യുധിഷ്ഠിരനുമെല്ലാം ഈ മണ്ണില്‍ നിന്നാണ് വിവാഹം ചെയ്തത്. നിങ്ങളെല്ലാവരും ഇവിടെ വെച്ച് വിവാഹിതരാകേണം. ഞങ്ങളാരും തന്നെ കല്ല്യാണം കഴിക്കാന്‍ വിദേശത്തേക്ക് പോകുന്നില്ല.
ഇറ്റലിയില്‍ നിന്നുള്ള നൃത്തകര്‍ ഇന്ത്യയില്‍ വന്ന് കോടിപതികളാകുന്നുണ്ടെന്നും ബി.ജെ.പി എം.എല്‍.എ പറഞ്ഞു. ഇറ്റലിയില്‍ വെച്ചായിരുന്നു അനുഷ്‌ക- കോഹ്ലി വിവാഹം. അനുഷ്‌കയുടെയും കോഹ്‌ലിയുടെയും വിവാഹം ഇറ്റലിയിലെ ടസ്‌കാനിയിലെ ബോര്‍ഗോ ഫിനോച്ചീറ്റോ എന്ന റിസോര്‍ട്ടിലായിരുന്നു നടന്നിരുന്നത്. ലോകത്തെ ഏറ്റവും ചിലവേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.