ന്യൂദല്‍ഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയെ വിമര്‍ശിച്ച് ബി.ജെ.പി എം.എല്‍.എ രാമേശ്വര്‍ ശര്‍മ. ഗോ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന പ്രകടനപത്രിക കോണ്‍ഗ്രസിന്റെ ഗോ വിഷയത്തിലുള്ള ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവന്നെന്നാണ് രാമേശ്വറിന്റെ വാദം.
ബീഫ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി മാടിനെ അറവു ചെയ്ത് വിതരണം ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒരു ഭാഗത്ത് പശുക്കളെ കൊല്ലുന്നവര്‍ മറ്റൊരു സ്ഥലത്ത് വോട്ടിനായി പശുക്കളെ സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
“ആ കശാപ്പുകാര്‍ വോട്ടിനായി പശുക്കളെ സ്വപ്നം കണ്ടു കഴിയുകയാണ്. ക്യാമറുടെ മുന്നില്‍ നിന്ന് ക്രൂരമായി പശുവിനെ കശാപ്പ് ചെയ്തവര്‍ ഇപ്പോള്‍ ഗോക്കളുടെ ആരാധകരായി അഭിനയിക്കുന്നു”- അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.
എല്ലാ പഞ്ചായത്തുകളിലും ഗോശാലകള്‍ നിര്‍മ്മിക്കുമെന്നും, വാണിജ്യാടിസ്ഥാനത്തില്‍ ഗോമൂത്രം ഉത്പാദിപ്പിക്കുമെന്നും മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പറയുന്നുണ്ട്. ഗോവധ നിരോധനം എടുത്തുകളയാനുള്ള നീക്കത്തിനെതിരെ പോരാടുമെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു.
Also Read തീര്‍ന്നിട്ടില്ല; യു.പിയില്‍ പേരു മാറ്റം കാത്ത് ആഗ്ര, മുസാഫര്‍പുര്‍, സുല്‍ത്താന്‍പുര്‍
“ഞങ്ങളെ സംബന്ധിച്ച് പവിത്രമായ മൃഗമാണ് പശു. ഗോവധം ന്യായീകരിക്കാന്‍ പറ്റില്ല. എന്നാല്‍ കാര്‍ഷികാവശ്യത്തിനായി പശുക്കളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് തടയാന്‍ പാടില്ല. കാരണം നിരവധി ജീവിതങ്ങള്‍ അതിനെ ആശ്രയിച്ച് നില്‍ക്കുന്നുണ്ട്”- പത്രിക പ്രകാശനം ചെയ്യവെ കോണ്‍ഗ്രസിന്റെ ദിഗ്വിജയ് സിംഗ് പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
Representative Image | Image credit: Reuters