'പൊതുമനസാക്ഷി കാര്‍ഷിക നിയമത്തിന് എതിര്'; കേന്ദ്രത്തിനെതിരായ പ്രമേയത്തെ നിയമസഭയില്‍ അനുകൂലിച്ച് ഒ.രാജഗോപാല്‍
Kerala News
'പൊതുമനസാക്ഷി കാര്‍ഷിക നിയമത്തിന് എതിര്'; കേന്ദ്രത്തിനെതിരായ പ്രമേയത്തെ നിയമസഭയില്‍ അനുകൂലിച്ച് ഒ.രാജഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st December 2020, 12:01 pm

തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാര്‍ഷിക നിയമത്തിനെതിരായി കേരള സര്‍ക്കാര്‍ പാസാക്കിയ പ്രമേയത്തെ അനുകൂലിച്ചുവെന്ന് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍. സര്‍ക്കാര്‍ പ്രമേയം പാസാക്കിയതിന് പിന്നാലെയുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഒ. രാജഗോപാലിന്റെ പ്രതികരണം.

പൊതുമനസാക്ഷി കാര്‍ഷിക നിയമത്തിന് എതിരായതുകൊണ്ടാണ് പ്രമേയത്തെ സഭയില്‍ എതിര്‍ക്കാതിരുന്നതെന്നും വിയോജിപ്പുകള്‍ സഭയില്‍ അറിയിച്ചിട്ടുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു.

” പ്രമേയത്തെ ഞാന്‍ അനകൂലിച്ചു. പൊതുമനസാക്ഷി നിയമത്തിന് അനുകൂലമല്ലായിരുന്നു. അതല്ലേ ജനാധിപത്യ സ്പിരിറ്റ്. ജനാധിപത്യ സംവിധാനത്തില്‍ ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന് പറഞ്ഞ് നില്‍ക്കേണ്ട ആവശ്യമില്ല,” ഒ. രാജഗോപാല്‍ പറഞ്ഞു.

വോട്ടെടുപ്പ് വേണമെന്ന് സഭയില്‍ ആവശ്യപ്പെടാത്തത് എന്ത് കൊണ്ടാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വിയോജിപ്പുകള്‍ സഭയില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഒ. രാജഗോപാലിന്റെ പ്രതികരണം.

മുഖ്യമന്ത്രി പ്രമേയം സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ 2020ലെ കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കാന്‍ ഉറപ്പ് നല്‍കിക്കൊണ്ട് കൊണ്ടുവന്നവയാണെന്നായിരുന്നു ഒ. രാജഗോപാല്‍ പറഞ്ഞത്.

”ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നവരാണ്. ഈ നിയമം കോണ്‍ഗ്രസ് മുന്‍പ് അവരുടെ പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ളതും സി.പി.ഐ.എം അവരുടെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളതുമാണ്.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം നിയമം പാസാക്കിയത്.

ചിലര്‍ക്ക് ഏത് വിഷയം വന്നാലും മോദിയെ വിമര്‍ശിക്കണം. സമരം ചെയ്യുന്ന കര്‍ഷകരെ കാണാന്‍ പ്രധാനമന്ത്രി തയ്യാറായില്ലെന്നാണ് ഇവിടെ നേരത്തെ പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി തയ്യാറായിരുന്നു.

എന്നാല്‍ പ്രധാനമന്ത്രിയോട് രാഷ്ട്രീയ നേതാക്കന്‍മാര്‍ പറഞ്ഞത് ആദ്യം നിയമങ്ങള്‍ പിന്‍വലിക്കെട്ട, എന്നിട്ട് നോക്കാം എന്നാണ്” എന്നും രാജഗോപാല്‍ സഭയില്‍ ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രമേയം പാസാക്കുമ്പോള്‍ രാജഗോപാല്‍ പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP MLA O. Rajagopal supports Kerala Governments Resolution in State assembly