| Wednesday, 7th November 2018, 6:40 pm

എന്തിനാണ് ഭക്തരായ സ്തീകളെ അയ്യപ്പസന്നിധിയില്‍ നിന്നും അകറ്റിനിര്‍ത്തുന്നത്; ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ഒ രാജഗോപാല്‍ എഴുതിയ ലേഖനം പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിയ്ക്കണമെന്ന ശക്തമായ ആവശ്യമുയര്‍ത്തി ബി.ജെ.പി എം.എല്‍.എ ഒ രാജഗോപാല്‍ 19 വര്‍ഷം മുമ്പ് എഴുതിയ ലേഖനം ചര്‍ച്ചയാവുന്നു. സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിയ്ക്കണം എന്ന തലക്കെട്ടോടെ 1999ല്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച ശബരിമല സപ്ലിമെന്റിലാണ് ഒ രാജഗോപാലിന്റെ ലേഖനമുള്ളത്.

ശബരിമലയില്‍ ആരാധന നടത്തുന്നതിന് സ്ത്രീകള്‍ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എടുത്തുമാറ്റേണ്ടതാണെന്നും രാജഗോപാല്‍ ലേഖനത്തില്‍ പറയുന്നുണ്ട്. “ജാതിയും മതവും ദേശീയതയും നോക്കാതെ അയ്യപ്പ ഭക്തര്‍ക്ക് ദേവസന്നിധിയില്‍ പോകാന്‍ കഴിയുന്നുണ്ട്. എന്നാല്‍ എന്തിനാണ് അയ്യപ്പഭക്തരായ സ്തീകളെ അയ്യപ്പസന്നിധിയില്‍നിന്നും അകറ്റിനിര്‍ത്തുന്നതെന്നും രാജഗോപാല്‍ ലേഖനത്തില്‍ ചോദിക്കുന്നുണ്ട്.


also read:  നാടുകടത്തല്‍ പ്രയോഗം ഏറ്റുപിടിച്ച് കോഹ്‌ലിയും; ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഇഷ്ടമല്ലെങ്കില്‍ രാജ്യം വിടൂവെന്ന് ആരാധകനോട് കോഹ്‌ലി (വീഡിയോ)


തിക്കും തിരക്കും കാരണമാണ് സ്ത്രീകളെ അകറ്റി നിരത്തുന്നതെങ്കില്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായി പോകാനും തൊഴാനും ഉള്ള സൗകര്യം ഉണ്ടാക്കുകയാണ് വേണ്ടതെന്നും ലേഖനത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. സ്ത്രീകള്‍ തൊഴാന്‍ പോകുന്നത് തടയുന്നതിനു പകരം അവര്‍ക്ക് പരിശുദ്ധിയോടെ തൊഴാനുള്ള മാര്‍ഗമുണ്ടാക്കുകയാണ് വേണ്ടതെന്നും രാജഗോപാല്‍ പറയുന്നു. സ്ത്രീകള്‍ പൂജാരിമാരായ ഈ കാലഘട്ടത്തില്‍ ശബരിമലയില്‍ ആരാധന നടത്തുന്നതിന് സ്ത്രീകള്‍ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എടുത്തുമാറ്റേണ്ടതാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍

“എന്നാല്‍ എനിക്ക് മനസിലാവാത്ത ഒരു കാര്യം, എന്തുകൊണ്ട് അയ്യപ്പഭക്തകളായ സഹോദരിമാരെ അയ്യപ്പസന്നിധിയില്‍ നിന്നും അകറ്റിനിര്‍ത്തുന്നു എന്നതാണ്. വന്യമൃഗങ്ങള്‍ നിറഞ്ഞ നിബിഡമായ വനമായിരുന്ന കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇന്നും എത്രമാത്രം പ്രസക്തിയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതാണ്.

തിക്കും തിരക്കുമാണ് സ്ത്രീകളെ അകറ്റി നിര്‍ത്താന്‍ കാരണമെങ്കില്‍ സ്ത്രീകള്‍ക്കു പ്രത്യേകമായി പോകാനും തൊഴാനും ഉള്ള സൗകര്യം ഉണ്ടാക്കുകയാണ് വേണ്ടത്. നിയന്ത്രണമേര്‍പ്പെടുത്തുകയും എന്നാല്‍ അത് ലംഘിച്ചുകൊണ്ട് പോകുന്നത് തടയാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ അവസ്ഥയ്ക്കുപകരം പരിശുദ്ധിയോടെ സ്ത്രീകള്‍ക്കു തൊഴാന്‍ കഴിയുന്ന അന്തരീഷം ഉണ്ടാകുകയാണ് വേണ്ടത്.


ആദ്ധ്യാത്മിക കാര്യങ്ങളില്‍ സ്ത്രീകള്‍ ആരുടെയും പിന്നിലല്ല എന്നത് തെളിയിക്കപ്പട്ട കാര്യമാണ്. ഭാരതത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന ആദ്ധ്യാത്മിക ആചാര്യരില്‍ എന്തുകൊണ്ടും അഗ്രിമസ്ഥാനം അലങ്കരിക്കുന്നത് കേരളീയ വനിതയായ സദ്ഗുരു മാതാ അമൃതാനന്ദമയീ ദേവിയാണ്. ഇന്നലെവരെ ക്ഷേത്രത്തില്‍ പൂജാരിമാരായി സ്ത്രീകളെ സ്വീകരിച്ചിരുന്നില്ലെങ്കില്‍ ഇന്ന് സ്ഥിതി മാറിയിരിക്കുകയാണ്.

അമ്മയുടെ നേതൃത്വത്തിലും നിര്‍ദേശപ്രകാരവും വനിതകളെ പൂജാരിമാരായി ഇപ്പോള്‍ നിയമിച്ചിട്ടുണ്ട്. ഭക്തജനങ്ങള്‍ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശബരിമലയില്‍ ആരാധന നടത്തുന്നതിന് സ്ത്രീകള്‍ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എടുത്തുമാറ്റേണ്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സമൂഹത്തില്‍ സ്ത്രീകള്‍ക്കു പുരുഷന്‍മാരോടൊപ്പം എല്ലാ രംഗത്തും സ്ഥാനം നല്‍കിവരുന്ന ഈ കാലഘട്ടത്തില്‍ ഈ ആവശ്യത്തിനു പ്രത്യേകമായ പ്രസക്തിയുണ്ട്” -രാജഗോപാല്‍ പറയുന്നു.

We use cookies to give you the best possible experience. Learn more