കഴിഞ്ഞ തവണ നേമത്ത് കോണ്‍ഗ്രസ് വോട്ടുകള്‍ കിട്ടി, കുമ്മനത്തിന് അത് കിട്ടില്ല, കമ്യൂണിസ്റ്റുകാര്‍ അന്ന് തനിക്ക് വോട്ട് ചെയ്തിട്ടില്ല; വെളിപ്പെടുത്തി രാജഗോപാല്‍
തിരുവനന്തപുരം: കഴിഞ്ഞ തവണ നേമത്ത് കോണ്‍ഗ്രസ് സഹായം ലഭിച്ചിരുന്നെന്ന് വെളിപ്പെടുത്തി ബി.ജെ.പി നേതാവും എം.എല്‍.എയുമായ ഒ. രാജഗോപാല്‍.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് തനിക്ക് വോട്ട് ലഭിച്ചതെന്നും ഒ. രാജഗോപാല്‍ കൈരളി ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് വോട്ടുകള്‍ കുമ്മനത്തിന് ലഭിച്ചേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നേമത്തെ വികസന കാര്യത്തില്‍ സര്‍ക്കാര്‍ താത്പര്യമെടുത്തെന്നും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം മികച്ചതായിരുന്നെന്നും ഒ. രാജഗോപാല്‍ ആവര്‍ത്തിച്ചു.
‘ അവര്‍ ഏതായാലും മെയിന്‍ പ്രതിപക്ഷ പാര്‍ട്ടിയാണ്. ഒരു സീറ്റുകൊണ്ട് ഒരു ഡിഫറന്‍സ് വരാന്‍ പോകുന്നില്ല. അപ്പോള്‍ ഒരു പുതിയ ആള്‍, ബി.ജെ.പിയുടെ ഒരാള്‍ കുറേക്കാലമായി ശ്രമിക്കുകയാണ്. ഇന്ത്യാരാജ്യം ഭരിക്കുന്ന ഒരു കക്ഷിയുടെ ആള്‍ നിയമസഭയില്‍ ഉണ്ടാകുന്നത് നല്ലതാണ് എന്നൊക്കെയുള്ള പരിഗണന വെച്ചുകൊണ്ടാണ് വോട്ട് ചെയ്തത്. അത്രയും തീവ്രമായ എതിര്‍പ്പുണ്ടായിരുന്നില്ല.
എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ എനിക്ക് വോട്ട് ചെയ്തിട്ടില്ല. അവര്‍ക്ക് ഭൂരിപക്ഷമുണ്ട്. അവര്‍ക്ക് മുഖ്യമന്ത്രി പദവി കിട്ടണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവര്‍ മാറി ചിന്തിക്കുകയോ വോട്ട് ചെയ്യുകയോ ചെയ്തിട്ടില്ല. കമ്യൂണിസ്റ്റുകാരുടെ വോട്ട് കിട്ടിയതായി എനിക്ക് അറിവില്ല. അത്തരത്തില്‍ വോട്ട് കിട്ടിയിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിരുന്നു.
ഇക്കാര്യത്തില്‍ ഏതെങ്കിലും നേതാക്കള്‍ പിന്നീട് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നും ഇതെല്ലാം അവര്‍ക്കെല്ലാം പൊതുവെ അറിയുന്നതാണല്ലോ എന്നുമായിരുന്നു രാജഗോപാലിന്റെ മറുപടി.
കഴിഞ്ഞ തവണ തനിക്ക് കിട്ടിയ പോലെ ഇത്തവണ കുമ്മനത്തിന് ഇത്തരത്തില്‍ വോട്ട് കിട്ടാന്‍ സാധ്യത കുറവാണെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.
വികസന കാര്യങ്ങളില്‍ സര്‍ക്കാര്‍ താത്പര്യമെടുത്തിട്ടുണ്ടെന്നും ഭരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയുടെ പെര്‍ഫോമന്‍സ് നല്ലതാണെന്നും ഒ.രാജഗോപാല്‍ ആവര്‍ത്തിച്ചു.
ബി.ജെ.പി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഒ. രാജഗോപാല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ പ്രവര്‍ത്തനരീതി മാറ്റണമെന്നും ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയിലേക്ക് പ്രവര്‍ത്തനം മാറ്റണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വെറുതെ കുറ്റം പറഞ്ഞിട്ടും ആരോപണം ഉന്നയിച്ചിട്ടും കാര്യമില്ല. ജനങ്ങളുടെ ആവശ്യം നിറവേറ്റാനാകണം’, എന്നായിരുന്നു രാജഗോപാല്‍ പറഞ്ഞത്.
നേമത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ തന്റെ പിന്‍ഗാമിയാണെന്ന് പറയുന്നില്ലെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു. എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുക എന്നുള്ളത് തന്റെ രീതിയല്ലെന്നും നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ അംഗീകരിക്കുകയും തെറ്റ് ചെയ്യുമ്പോള്‍ വിമര്‍ശിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക