ജാമ്യാപേക്ഷ പിന്‍വലിക്കുന്നു, കീഴടങ്ങാന്‍ തയാര്‍: ബി.ജെ.പി എം.എല്‍.എ നിതേഷ് റാണെ
national news
ജാമ്യാപേക്ഷ പിന്‍വലിക്കുന്നു, കീഴടങ്ങാന്‍ തയാര്‍: ബി.ജെ.പി എം.എല്‍.എ നിതേഷ് റാണെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd February 2022, 5:01 pm

മുംബൈ: ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ച് ബി.ജെ.പി എം.എല്‍.എ നിതേഷ് റാണെ. 2021 ഡിസംബറില്‍ സിന്ധുദുര്‍ഗ് ജില്ലാ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശിവസേന പ്രവര്‍ത്തകന്‍ സന്തോഷ് പരബിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടതാണ് കേസിലെ ജാമ്യേപേക്ഷയാണ് പിന്‍വലിച്ചത്.

കേസില്‍ പൊലീസിന് മുന്നില്‍ കീഴടങ്ങുമെന്നും അന്വേഷണത്തില്‍ താന്‍ പൊലീസിനോട് സഹകരിക്കുമെന്നും റാണെ പറഞ്ഞു. ജാമ്യാപേക്ഷ പിന്‍വലിക്കാന്‍ അപേക്ഷകന്‍ ആഗ്രഹിക്കുന്നുവെന്ന് എം.എല്‍.എയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡെയാണ് ഹൈക്കോടതി ജസ്റ്റിസ് സി. വി. ഭദാംഗിന്റെ സിംഗിള്‍ ബെഞ്ചിനോട് പറഞ്ഞത്.

അപേക്ഷകന്‍ കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നതായും അന്വേഷണത്തില്‍ സഹകരിക്കുമെന്നും മനേഷിന്‍ഡെ പറഞ്ഞു.

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് നിതേഷ് റാണെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു.

നിതേഷ് റാണെയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കീഴ്‌ക്കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുകയും 10 ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് മഹാരാഷ്ട്ര പൊലീസിനോട് സുപ്രീംകോടതി ആവശ്യപ്പെടുകയുമായിരുന്നു.

തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ഇത് രാഷ്ട്രീയ പകപോക്കലിന്റെയൊ ഭരണകക്ഷിയുടെ നിര്‍ദ്ദേശപ്രകാരമുള്ളതോ ആയ കേസാണെന്നും നിതേഷ് റാണെ നേരത്തെ പറഞ്ഞിരുന്നു.

നിയമസഭാ സമുച്ചയത്തിന് പുറത്തുവെച്ച് തന്നെ ശിവസേന നേതാക്കള്‍ പരിഹസിച്ചതായി ആരോപിച്ച് മഹാരാഷ്ട്രയിലെ ഭരണകക്ഷി (സഖ്യ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ശിവസേന) തന്നെ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞിരുന്നു.

2021 ഡിസംബര്‍ 23 ന് ശീതകാല സമ്മേളനത്തിനിടെ മഹാരാഷ്ട്ര മന്ത്രിയും ശിവസേനാ നിയമസഭാംഗവുമായ ആദിത്യ താക്കറെയെ നോക്കി നിതേഷ് റാണെ ‘മ്യാവൂ മ്യാവൂ’എന്ന് പറഞ്ഞതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു.


Content Highlights: BJP MLA Nitesh Rane withdraws bail plea