മുസ്‌ലിങ്ങളെ പള്ളിയിൽ കയറി ആക്രമിക്കും; ബി.ജെ.പി എം.എൽ.എയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസ്
national news
മുസ്‌ലിങ്ങളെ പള്ളിയിൽ കയറി ആക്രമിക്കും; ബി.ജെ.പി എം.എൽ.എയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2024, 10:29 am

പൂനെ: മുസ്‌ലിങ്ങളെ പള്ളിയിൽ കയറി ആക്രമിക്കുമെന്ന് പറഞ്ഞ ബി.ജെ.പി എം.എൽ.എ നിതേഷ് റാണക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്. റാംഗിരി മഹാരാജിനെതിരെ ആരെങ്കിലും സംസാരിച്ചാൽ അവരെ മസ്ജിദിൽ കയറി ആക്രമിക്കുമെന്നാണ് റാണയുടെ പ്രസംഗത്തിലുള്ളത്.

മുംബൈയിലെ ശ്രീരാംപൂർ, തോപ്ഖാന എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിതേഷ് റാണക്കെതിരെ ഭീഷണിപ്പെടുത്തൽ, മനഃപൂർവം സമാധാനം തകർക്കൽ, മതവികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്ക് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അയൽരാജ്യമായ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സകാൽ ഹിന്ദു സമാജ് അഹമ്മദ്‌ നഗർ സംഘടിപ്പിച്ച യോഗത്തിനിടെയായിരുന്നു റാണയുടെ പ്രസ്താവന. പിന്നാലെ ഇതിന്റെ വീഡിയോ വൈറൽ ആവുകയായിരുന്നു.

റാണയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ മഹാ വികാസ് അഘാഡി വലിയ പ്രതിഷേധവുമായി എത്തിയിരുന്നു. തുടർന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുന്നോടിയായി നിതേഷ് റാണക്കെതിരെ കേസ് എടുക്കുകയായിരുന്നു. ഹിന്ദു ദർശകനായ മഹന്ദ്‌ റാംഗിരി മഹാരാജിനെ പിന്തുണച്ച് റാണ രണ്ട് പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നു.

കഴിഞ്ഞ മാസം രാമഗിരി മഹാരാജ് നാസിക്കിലെ സിന്നാർ താലൂക്കിലെ ഷാ പഞ്ചായത്തിൽ മുഹമ്മദ് നബിക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു. ഇത് ഛത്രപതി സംഭാജി നഗർ ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളിൽ സംഘർഷത്തിന് വഴിവെച്ചിരുന്നു.

മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയുമായ നാരായണൻ റാണയുടെ മകനാണ് നിതേഷ് റാണ.

ഇതുമായി ബന്ധപ്പെട്ട സംഭവവികാസത്തിൽ, മുംബൈ കോൺഗ്രസ് അധ്യക്ഷ പ്രൊഫ. വർഷ ഗെയ്‌ക്‌വാദും മുതിർന്ന കോൺഗ്രസ് നേതാക്കളും മുംബൈ പൊലീസ് മേധാവി വിവേക് ​​ഫൻസാൽക്കറെ കണ്ട് റാണെയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.

‘നിതേഷ് റാണയും പ്രസാദ് ലാഡും ഉൾപ്പടെയുള്ള നേതാക്കൾ തുടർച്ചയായി സാമൂഹിക വിരുദ്ധ പ്രസ്താവനകളും വിദ്വേഷ പ്രസംഗവും നടത്തുന്നതിലൂടെ സമൂഹത്തിലേക്ക് വർഗീയ ചിന്തകൾ അഴിച്ച് വിടുകയാണ്. അതോടൊപ്പം ഇവർ സാമൂഹിക സ്ഥിരത ഇല്ലാതാക്കുന്നു. ജനങ്ങളിൽ വർഗീയ വിദ്വേഷം ഉണ്ടാകുകയാണിവർ ചെയ്യുന്നത്. ജനങ്ങളിൽ ഭിന്നതയുണ്ടാക്കുന്ന പരാമർശങ്ങൾ റാംഗിരി മഹാരാജ് നടത്തി. എന്തുകൊണ്ടാണ് പൊലീസ് മാത്രം നോക്കി നിൽക്കുന്നത്? ഇവർക്കെല്ലാം തന്നെ ഭരണ കക്ഷിയുമായി ബന്ധമുള്ളതിനാലാണോ പൊലീസും ഭരണകൂടവും നോക്കി നിൽക്കുന്നത്?,’ പ്രൊഫ. വർഷ ചോദിച്ചു.

 

അതേസമയം റാണ തൻ്റെ മുഴുവൻ പ്രസംഗത്തിലും മുസ്‌ലിങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് എ.ഐ.എം.ഐ.എം നേതാവും മുൻ എം.എൽ.എയുമായ വാരിസ് പത്താൻ പറഞ്ഞു.

‘റാണ തൻ്റെ മുഴുവൻ പ്രസംഗത്തിലും മുസ്‌ലിങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയാണ്. ഇത് പ്രകോപനപരമായ സംസാരമാണ്, വിദ്വേഷ പ്രസംഗമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മഹാരാഷ്ട്രയിൽ വർഗീയ കലാപം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

 

Content Highlight: BJP MLA Nitesh Rane’s Mosque Threat Sparks Controversy And Legal Action