| Tuesday, 7th June 2022, 9:22 am

ബലാത്സംഗത്തിനിരയാക്കപ്പെട്ടയാളുടെ ചിത്രങ്ങള്‍ പങ്കുവെച്ചതിന് ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ നടപടിയെടുത്തേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ജൂബിലി ഹില്‍സ് കൂട്ടബലാത്സംഗത്തില്‍ ഇരയാക്കെപ്പെട്ട കുട്ടിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എയ്ക്ക് കുരുക്കുവീണേക്കാമെന്ന് റിപ്പോര്‍ട്ടുകളുള്ളതായി ദി ഹിന്ദു. വിഷയത്തില്‍ പൊലീസ് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

ബി.ജെ.പി എം.എല്‍.എ എം. രഘുനന്ദനാണ് കുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്. സംഭവത്തില്‍ നിയമോപദേശം തേടിയതായും പൊലീസ് അറിയിച്ചു.

‘പീഡനത്തില്‍ ഇരയാക്കപ്പെട്ടയാളുടെ ചിത്രങ്ങള്‍ പങ്കുവെക്കുന്നത് എന്ത് ഉദ്ദേശത്തോട് കൂടിയാണെങ്കിലും നിയമപരമായി കുറ്റമാണ്. എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കുന്നതിന് പകരം നിലവില്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കാനാണ് താത്പര്യപ്പെടുന്നത്,’ കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് സില്‍വര്‍ ഹില്‍സ് വെസ്റ്റ് സോണ്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ബി.ജെ.പിയുടെ പാര്‍ട്ടി ഓഫീസില്‍ വെച്ച് എം.എല്‍.എ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്.

നിയമോപദേശം തേടിയപ്പോള്‍ തിടുക്കത്തില്‍ എം.എല്‍.എയ്‌ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്നാണ് അഭിഭാഷകര്‍ പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

എം.എല്‍.എക്കെതിരെ നടപടിയെടുക്കുകയാണെങ്കില്‍ സമാന നടപടി മീഡിയകള്‍ക്കും, കുട്ടി പബിന്റെ പുറത്തു നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച മറ്റുള്ളവര്‍ക്കെതിരേയും കേസെടുക്കേണ്ടിവരുമെന്നും അഭിഭാഷകര്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സുഭന്‍ എന്ന മാധ്യമപ്രവര്‍ത്തകന് നേരെ സമാന സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരയുമായി ബന്ധപ്പെട്ട കുറിപ്പ് പങ്കുവെച്ചതിനാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇരയുടെ വിശദാംശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

കൂട്ട ബലാത്സംഗക്കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 363-ാം വകുപ്പ് (കിഡ്‌നാപ്പ്/തട്ടിക്കൊണ്ടുപോകല്‍), ഐ.ടി വകുപ്പുകള്‍ എന്നിവ കൂടി ചേര്‍ക്കുന്നത് പരിഗണനയിലാണെന്നും ദി ഹിന്ദു പറയുന്നു.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നതിന് മുന്‍പായി കാറിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനെ തട്ടിക്കൊണ്ടുപോകുന്നതായി കണക്കാക്കാന്‍ കഴിയുമെന്നത് സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. കുട്ടിയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിച്ചത് ഐ.ടി വകുപ്പുകള്‍ക്ക് കീഴില്‍ വരുമോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Content Highlight: BJP MLA might face charges for releasing pictures of gang rape victim

We use cookies to give you the best possible experience. Learn more