| Tuesday, 9th February 2021, 9:26 am

ചോദ്യം ചോദിച്ചാല്‍ നിന്നനില്‍പ്പില്‍ തീര്‍ത്തുകളയും; ഗുജറാത്തില്‍ കൊലവിളിയുമായി ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബി.ജെ.പി എം.എല്‍.എയുടെ കൊലവിളി. തെരഞ്ഞെടുപ്പില്‍ മകന്‍ മത്സരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഭീഷണി.

എം.എല്‍.എ മധു ശ്രീവാസ്തവയുടെ മകന്‍ ദീപക് ശ്രീവാസ്തവയുടെ നാമനിര്‍ദ്ദേശം അവസാന ഘട്ടത്തില്‍ തള്ളിയിരുന്നു. കുട്ടികളുടെ എണ്ണം സംബന്ധിച്ച വിഷയത്തിലാണ് ദീപക് ശ്രീവാസ്തവയുടെ നാമനിര്‍ദ്ദേശം തിങ്കളാഴ്ച വൈകുന്നേരം തള്ളിയത്.

ഗുജറാത്ത് ലോക്കല്‍ അതോറിറ്റി (ഭേദഗതി) നിയമം 2005, പ്രകാരം ഒരു സ്ഥാനാര്‍ത്ഥിക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല.
ഇതേക്കുറിച്ച് ചോദിച്ചപ്പോവാണ് മധു ശ്രീവാസ്തവ പ്രകോപിതനായത്.

തന്റെ മകന് മൂന്ന് മക്കളല്ല രണ്ട് മക്കളേയുള്ളൂവെന്നും രണ്ടാം തവണ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരു കുട്ടിയുണ്ടായിരുന്നു, ഇപ്പോള്‍ അദ്ദേഹത്തിന് രണ്ട് കുട്ടികളുണ്ട് എന്നുമാണ് മധു ശ്രീവാസ്തവ പറഞ്ഞത്.
തന്റെ മകന് മൂന്ന് മക്കളുണ്ടെന്ന് വീണ്ടും പറഞ്ഞാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ കേസെടുക്കുമെന്നും പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹം കൂടുതല്‍ പ്രകോപിതനായി.

”അദ്ദേഹത്തിന് മൂന്ന് കുട്ടികളില്ല.ഉണ്ടെങ്കില്‍ തെളിവ് കൊണ്ടുവരിക. സംസാരിക്കുന്നതിന് മുമ്പ് ചിന്തിക്കുക …. ഈ ചോദ്യം ചോദിക്കാതിരിക്കുന്നതാണ് നല്ലത്, അല്ലാത്തപക്ഷം ഞാന്‍ നിങ്ങളെ ഇവിടെ നില്‍ക്കാന്‍ പോലും അനുവദിക്കില്ല. ശ്രദ്ധിക്കുക …. ഒന്നും ചോദിക്കരുത്, അല്ലാത്തപക്ഷം ഞാന്‍ നിങ്ങളെ ഇവിടെ തീര്‍ത്തുകളയും. നിങ്ങളെ തീര്‍ക്കാന്‍ ഞാന്‍ ആരോടെങ്കിലും ആവശ്യപ്പെടും ”എം.എല്‍.എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബി.ജെ.പി ടിക്കറ്റ് അനുവദിക്കാത്തതിനാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയി മത്സരിക്കാനായിരുന്നു ദീപകിന്റെ തീരുമാനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Gujarat polls: BJP MLA Madhu Shrivastav threatens reporters over son’s nomination

We use cookies to give you the best possible experience. Learn more