ജമ്മു: ബി.ജെ.പി നേതാവ് തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി ജമ്മു കശ്മീരിലെ വിമുക്ത ഭടന്‍ രജീന്ദര്‍ സിങ്. ഞായറാഴ്ചയാണ് ഭടന്‍ ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നത്.
ബി.ജെ.പി എം.എല്‍.എ ജഗന്‍ ഭഗത്തിനെതിരെയാണ് ആരോപണം. എന്നാല്‍ പിതാവിന്റെ ആരോപണം വന്നതിനു പിന്നാലെ രാത്രിയോടെ പെണ്‍കുട്ടി ഒരുസംഘം മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുകയും ആരോപണം നിഷേധിക്കുകയും ചെയ്തു.
ഭഗത്തിനെതിരായ ആരോപണം നിഷേധിച്ച പെണ്‍കുട്ടി അദ്ദേഹം നല്ല മനുഷ്യനാണെന്നും താനൊരു സുഹൃത്തിനൊപ്പമാണുള്ളതെന്നും പറഞ്ഞു. തനിക്കിഷ്ടമില്ലാത്ത ഒരാളുമായി വിവാഹം നടത്താന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കുടുംബത്തില്‍ നിന്നും വധഭീഷണിയുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
“ഞാന്‍ നിങ്ങള്‍ക്കു മുമ്പിലുണ്ട്. ആരും എന്നെ തട്ടിക്കൊണ്ടുപോയിട്ടില്ല. ആരോപണം കള്ളമാണ്. എം.എല്‍.എ വളരെ നല്ലയാളാണ്. 12ക്ലാസുപോലും പാസാവാത്ത ഒരാളുമായി എന്റെ വിവാഹം നടത്താന്‍ നിര്‍ബന്ധിക്കുകയാണ് അവര്‍. ഞാന്‍ ബി.എ.എം.എസ് ചെയ്യുകയാണ്.” അവര്‍ പറഞ്ഞു.
കുടുംബവുമായി സ്ഥിരം ബന്ധപ്പെടാറുണ്ടെന്നും തന്നെ കാണാനില്ലെന്ന ആരോപണം ഉന്നയിച്ച ദിവസം രാവിലെയും അവരുമായി സംസാരിച്ചതാണെന്നും പെണ്‍കുട്ടി പറഞ്ഞു. “ഞാന്‍ സംസ്ഥാനത്തിന് പുറത്താണ് പഠിക്കുന്നത്. കോളജില്‍ കുടുംബാംഗങ്ങള്‍ വന്നു കാണാറുമുണ്ട്. കഴിഞ്ഞ അവധിക്ക് ഞാന്‍ വീട്ടില്‍ പോയതുമാണ്.” അവര്‍ പറഞ്ഞു.
താന്‍ ജമ്മുവില്‍ ഒരു സുഹൃത്തിന്റെ വീട്ടിലാണെന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നു.
അതിനിടെ, സംഭവത്തില്‍ ഇതുവരെ രേഖാമൂലമുള്ള പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് മുതിര്‍ന്ന പൊലീസ് സൂപ്രണ്ട് വിവേക് ഗുപ്ത പറയുന്നത്. പരാതി ലഭിച്ചാല്‍ വേണ്ട നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രജീന്ദര്‍ സിങ്ങും അദ്ദേഹത്തിന്റെ പിതാവും അയല്‍ക്കാരും ജമ്മു പ്രസ് ക്ലബ്ബിന് പുറത്ത് പ്രതിഷേധം നടത്തിയിരുന്നു. പഞ്ചാബില്‍ പഠിക്കുന്ന തന്റെ മകളെ എം.എല്‍.എ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
“പഞ്ചാബിലെ ദേശ് ഭഗത് യൂണിവേഴ്‌സിറ്റിയില്‍ മകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചു. ഒന്നാം വര്‍ഷ ബി.എ.എം.എസ് കോഴ്‌സിനാണ് അവള്‍ ചേര്‍ന്നത്. ജൂണ്‍ 21ന് ഞാന്‍ അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരാനായി പോയി. എന്നാല്‍ മാര്‍ച്ച് എട്ടിന് ഞങ്ങളെ അറിയിക്കാതെ എം.എല്‍.എ അവളെ കൊണ്ടുപോയി എന്നാണ് അറിയാന്‍ കഴിഞ്ഞത്. ” എന്നാണ് സിങ് പറഞ്ഞത്.
തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഭഗത് പറഞ്ഞു. പൊലീസില്‍ പരാതി നല്‍കുന്നതിനു പകരം ഇവര്‍ പ്രതിഷേധം സംഘടിപ്പിക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ അതിനു പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങളുണ്ട്. എന്നെ അപകീര്‍ത്തിപ്പെടുത്താനാണ് നേരെ മാധ്യമങ്ങളുടെ അടുത്തുപോയി ആരോപണമുന്നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ആരോപണം ശരിയാണെന്നു തെളിഞ്ഞാല്‍ താന്‍ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.